Sunday, August 2, 2026
International News

20 ന് ശേഷം സംഭവിച്ചേക്കാവുന്ന മാറ്റങ്ങളുടെ സുചന നല്‍കി ട്രംപിന്റെ വൈറല്‍ പോസ്റ്റ്: അമേരിക്കന്‍ ഭൂപടത്തില്‍ കാനഡയും; എതിര്‍പ്പറിയിച്ച് കനേഡിയന്‍ സര്‍ക്കാര്‍

20 ന് ശേഷം സംഭവിച്ചേക്കാവുന്ന മാറ്റങ്ങളുടെ സുചന നല്‍കി ട്രംപിന്റെ വൈറല്‍ പോസ്റ്റ്: അമേരിക്കന്‍ ഭൂപടത്തില്‍ കാനഡയും; എതിര്‍പ്പറിയിച്ച് കനേഡിയന്‍ സര്‍ക്കാര്‍



വാഷിങ്ടണ്‍: പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്ക് പിന്നാലെ കാനഡയുടെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പങ്കുവെച്ചാണ് ട്രംപ് കാനഡയേയും ലോകത്തേയും ഞെട്ടിച്ചത്.

തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗഡിലൂടെയാണ് ട്രംപ് ഭൂപടം പങ്കുവെച്ചത്. കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഓ കാനഡ! എന്ന ക്യാപഷനോടു കൂടി കാനഡയെ ഉള്‍പ്പെടുത്തിയുള്ള അമേരിക്കയുടെ ഭൂപടം ട്രംപ് പങ്കുവെച്ചത്.

ഇതിന് പിന്നാലെ ട്രംപിന്റെ പോസ്റ്റിന്റെ ഉള്ളടക്കത്തെ എതിര്‍ത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രംഗത്തു വന്നു. പോസ്റ്റില്‍ അമേരിക്കയുടെ ഭാഗമായ സ്ഥലങ്ങളും, അല്ലാത്തതും എന്ന് വേര്‍തിരിച്ചു കാണിക്കുന്ന ഒരു ഭൂപടം ലിബറല്‍ പാര്‍ട്ടിയും പങ്കുവെച്ചു. ആശയക്കുഴപ്പമുളളവര്‍ക്കായി എന്ന ക്യാപ്ഷനോട് കൂടിയാണ് ലിബറല്‍ പാര്‍ട്ടി പോസ്റ്റ് പങ്കുവെച്ചത്.

ജസ്റ്റിന്‍ ട്രൂഡോയും ട്രംപിന്റെ പോസ്റ്റിനെതിരെ രംഗത്തെത്തി. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ല എന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യവും ട്രൂഡോ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളിലെയും തൊഴിലാളികള്‍ തമ്മില്‍ സുരക്ഷിതമായ വ്യാപര ബന്ധമുണ്ട്. തൊഴിലാളികള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും അതിലൂടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും ട്രൂഡോ എക്‌സില്‍ കുറിച്ചു. കാനഡയെക്കുറിച്ചുള്ള പൂര്‍ണമായ ധാരണയില്ലായ്മയാണ് ട്രംപ് തന്റെ പരാമര്‍ശങ്ങളിലൂടെ പ്രകടിപ്പിക്കുന്നതെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും പ്രതികരിച്ചു.

ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്ത് ട്രൂഡോയും ട്രംപും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല. 2024 നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ട്രൂഡോയുമായുള്ള കൂടിക്കാഴ്ച നടത്തിയ സമയത്തും വാഗ്ദാനം ട്രംപ് ആവര്‍ത്തിച്ചിരുന്നു. പിന്നീട് പലതവണ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ഒന്‍പത് വര്‍ഷത്തെ ഭരണത്തിന് ശേഷം കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ചയാണ് രാജിവെച്ചത്. ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ട്രൂഡോയുടെ രാജി. പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment