തിരുവനന്തപുരം: എക്സൈസ് കമ്മീഷണറെ മാറ്റിയതിന് പിന്നാലെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കേണ്ടതില്ലെന്ന് എക്സൈസ് വകുപ്പിന്റെ നിര്‍ണായക ഉത്തരവ്. എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആര്‍. ജയശങ്കറാണ് ഇത് സംബന്ധിച്ച് ജോയിന്റ് എക്സൈസ് കമ്മീഷണര്‍മാര്‍ക്കും ജില്ലാ എക്സൈസ് കമ്മീഷണര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയത്. നവംബര്‍ 30-ന് മുന്‍പായി സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കെ, അതിന് മുന്‍പ് ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് യാതൊരുവിധ ഇടപെടലുകളും ഉണ്ടാകരുതെന്നാണ് ഉത്തരവിലുള്ളത്.
അതേസമയം, മുന്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിന്റെ കാലത്ത് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയേറുന്നു. എയര്‍പോര്‍ട്ട് ലോഞ്ച് ബാറുകള്‍ക്കും എറണാകുളം, കോട്ടയം ജില്ലകളിലെ ചില ബാറുകള്‍ക്കും അനുമതി നല്‍കിയതില്‍ ഉദ്യോഗസ്ഥതല ഇടപെടലുകള്‍ നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുക. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കും. കമ്മീഷണര്‍ പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് നല്‍കിയ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിനിടയില്‍, മുന്‍ എക്സൈസ് കമ്മീഷണറെ പിന്തുണച്ച് മുന്‍ എക്സൈസ് മന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment