08/11/2026
Kerala News

ജഡ്ജി നിയമനത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ; കൊളീജിയം ശുപാർശകൾ അട്ടിമറിക്കുന്നുവെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്

ജഡ്ജി നിയമനത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ; കൊളീജിയം ശുപാർശകൾ അട്ടിമറിക്കുന്നുവെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്

തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നുവെന്ന ആരോപണവുമായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകൾ കേന്ദ്ര സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയും ചിലരുടെ നിയമനം തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. യൂത്ത് ലീഗ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതിയിൽ ആരൊക്കെ ജഡ്ജിമാരാകണമെന്ന് ഇപ്പോൾ തീരുമാനിക്കുന്നത് സർക്കാരാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ആരോപിച്ചു. ഭാവിയിൽ ആരായിരിക്കണം ചീഫ് ജസ്റ്റിസ് എന്നതുപോലും മുൻകൂട്ടി കണക്കുകൂട്ടിയാണ് കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊളീജിയം ശുപാർശ ചെയ്യുന്ന പലരുടെയും പേരുകൾ കേന്ദ്ര സർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുകയാണ്. സർക്കാരിന് താൽപ്പര്യമില്ലാത്തവരുടെ നിയമനം തടഞ്ഞുവെക്കുന്നതിലൂടെ അവരുടെ സീനിയോറിറ്റി നഷ്ടപ്പെടുത്താനും ഭാവിയിൽ ചീഫ് ജസ്റ്റിസ് പദവിയിലെത്താനുള്ള സാധ്യത ഇല്ലാതാക്കാനുമാണ് ശ്രമമെന്നും അദ്ദേഹം വിമർശിച്ചു.

ജുഡീഷ്യറിയിലെ പ്രശ്നങ്ങൾ തുറന്നുപറയുന്നതിനായി താനടക്കം നാല് മുതിർന്ന ജഡ്ജിമാർ നേരത്തെ വാർത്താസമ്മേളനം നടത്തിയ കാര്യം കുര്യൻ ജോസഫ് ഓർമിപ്പിച്ചു.

കാര്യങ്ങൾ ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് ബോധ്യപ്പെട്ടതോടെയാണ് അസാധാരണമായ നടപടിക്ക് മുതിർന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വാർത്താസമ്മേളനത്തിന് ശേഷവും കാര്യമായ മാറ്റമുണ്ടായില്ല. നിലവിലെ സാഹചര്യം അന്നത്തേക്കാൾ മോശമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ജനാധിപത്യം നിലനിർത്തുന്നതിൽ യുവജനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement