ഡല്ഹി: സമ്മര്ദത്തിന് വഴങ്ങില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവയ്ക്കില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ കരുക്കളാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ബംഗ്ലാദേശിലേതിന് സമാനമായി ഇന്ത്യയിലും ഭരണമാറ്റത്തിന് ചിലർ ഗൂഢാലോചന നടത്തുകയാണെന്നും ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനമാണ് പ്രതിരോധ മന്ത്രി ഉന്നയിച്ചത്. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും അവസരവാദ രാഷ്ട്രീയമാണ് രാജ്യം ഇപ്പോൾ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനാഭിപ്രായത്തെ മാനിക്കാൻ രാഹുൽ തയ്യാറാകണമെന്നും സ്വന്തം രാഷ്ട്രീയ പങ്കിനെക്കുറിച്ച് സ്വയം വിലയിരുത്തൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്താക്കിയ രാജ്നാഥ് സിങ്, ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് സർക്കാരിനെ അട്ടിമറിക്കാനും അധികാരം പിടിച്ചെടുക്കാനും ചിലർ ആഹ്വാനം ചെയ്യുകയാണ്. ജനാധിപത്യ സ്ഥാപനങ്ങളെ തകർത്ത് രാജ്യം കത്തിക്കുക എന്നത് മാത്രമാണ് ഇവരുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാത്മാ ഗാന്ധിയുടെ പേര് ഉപയോഗിക്കാനുള്ള എല്ലാ ധാർമ്മിക അവകാശങ്ങളും കോൺഗ്രസ് നേതാക്കൾക്ക് നഷ്ടമായിക്കഴിഞ്ഞുവെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ഭരണഘടനാ ചട്ടക്കൂട് തകർത്ത് രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment