Friday, October 16, 2026
India News

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള NSUI പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള NSUI  പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

ഡല്‍ഹി: പൊലീസ് അതിക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടത്തിയ എന്‍എസ്യുഐ (NSUI) പ്രവര്‍ത്തകരെ ഒമ്പത് മണിക്കൂറിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി പൊലീസിനെതിരെ പരാതി നല്‍കിയ മലയാളി വിദ്യാര്‍ഥിനി ആതിര, ജെബി മേത്തര്‍ എംപി അടക്കമുള്ളവരെയാണ് പുലര്‍ച്ചെ നാലരയോടെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എന്‍എസ്യുഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് ആതിര ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസിന്റെ മര്‍ദനമേറ്റത്. പൊലീസ് വാനിലും സ്റ്റേഷനിലും വെച്ച് ക്രൂരമായി മര്‍ദിച്ചെന്നും, വനിതാ പൊലീസുകാര്‍ റോഡിലൂടെ വലിച്ചിഴച്ചെന്നും, മര്‍ദനത്തില്‍ തന്റെ വലത് ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടെന്നുമാണ് ആതിരയുടെ പരാതി.

ഇതിനെത്തുടര്‍ന്ന്, പൊലീസിന്റെ മര്‍ദനത്തിന് ഇരയായ ആതിരയുമായി എന്‍എസ്യുഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാക്കര്‍, ജെബി മേത്തര്‍ എംപി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തുകയായിരുന്നു. വിദ്യാര്‍ഥികളെ ഉപദ്രവിച്ചവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍ നടുറോഡില്‍ കുത്തിയിരുന്നും കിടന്നും പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ സമയത്ത്, മര്‍ദനത്തില്‍ കേസെടുക്കാത്ത ഡല്‍ഹി പൊലീസിന്റെ നടപടിയെ ആതിര ശക്തമായി വിമര്‍ശിച്ചു.

തുടര്‍ന്ന് പുലര്‍ച്ചെയോടെ സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് വലിച്ചിഴച്ച് ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.


Related News

Comments

No comments yet. Be the first to comment!

Leave a Comment