തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനവുമായി ബന്ധപ്പെട്ട രാജി വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ. കൗണ്‍സിലറായി തുടരാന്‍ കടുത്ത സമ്മര്‍ദവും മാനസിക വിഷമവും ഉണ്ടായിരുന്നുവെന്നും, ജീവനക്കാരുടെ നിസഹകരണവും ആരോഗ്യപ്രശ്‌നങ്ങളുമാണ് പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് മേയര്‍ക്ക് കത്തുനല്‍കാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി.
ഡി.ജി.പിയായി വിരമിച്ച തനിക്ക് ഒരു വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ചില പരിമിതികള്‍ ഉണ്ടായിരുന്നുവെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടി. ശാസ്തമംഗലം വാര്‍ഡില്‍ നിരവധി പ്രതിസന്ധികളുണ്ട്. ഓഫീസിലെ കമ്പ്യൂട്ടറും പ്രിന്ററും കേടാണ്, കസേരകള്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പൊതുശൗചാലയ നിര്‍മാണത്തിന് അനുമതി ലഭിച്ചില്ല. സെക്ഷനുകളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും വര്‍ഷങ്ങളായി ഭരിച്ചിരുന്ന പാര്‍ട്ടിയുടെ അനുഭാവികളായതിനാല്‍ ഫയലുകള്‍ നീങ്ങുന്നില്ലെന്നും, 10-12 കത്തുകള്‍ നല്‍കിയിട്ടും മേയര്‍ വി. വി. രാജേഷില്‍ നിന്ന് തൃപ്തികരമായ നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.
തുടര്‍ന്നാണ് സെപ്റ്റംബര്‍ 30-ന് മുന്നോട്ടുപോകാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി മേയര്‍ക്ക് കത്തയച്ചതെന്ന് ശ്രീലേഖ വിശദീകരിച്ചു. അതേസമയം, താന്‍ കടുത്ത നരേന്ദ്ര മോദി ഭക്തയാണെന്നും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന പ്രചാരണം അസംബന്ധമാണെന്നും അവര്‍ വ്യക്തമാക്കി. ജീവിതാന്ത്യം വരെ ബി.ജെ.പി പ്രവര്‍ത്തകയായി തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ആര്‍. ശ്രീലേഖയുടെ വിശദീകരണം എന്താണെന്ന് കേട്ടിട്ടില്ലെന്നായിരുന്നു മേയര്‍ വി. വി. രാജേഷിന്റെ പ്രതികരണം.
Comments
No comments yet. Be the first to comment!
Leave a Comment