Friday, October 9, 2026
India News

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

 രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാ സഖ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാന്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ക്ക് അനുമതി ലഭിച്ചു. രാത്രി 8 മണിക്ക് 10 എംപിമാര്‍ക്കാണ് കൂടിക്കാഴ്ചയ്ക്കായി സമയം അനുവദിച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരെയുള്ള കുറ്റപത്രം എന്ന പേരില്‍ തയാറാക്കിയ വിശദമായ രേഖ രാഷ്ട്രപതിക്ക് സംഘം സമര്‍പ്പിക്കും.

രാഷ്ട്രപതി ഭവനിലേക്ക് വൈകിട്ട് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ വമ്പന്‍ മാര്‍ച്ച് സംഘടിപ്പിക്കും. പോലീസ് അനുമതിയില്ലാതെ നടത്തുന്ന മാര്‍ച്ച് തടയാന്‍ അതീവ സുരക്ഷാ മേഖലയില്‍ 20,000-ത്തിലധികം കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. സമരം പാര്‍ലമെന്റിന് പുറത്തുതന്നെ തടയാന്‍ പോലീസ് നീക്കം നടത്തുന്നതിനാല്‍ സംഘര്‍ഷ സാധ്യതയുമുണ്ട്. ഉച്ചതിരിഞ്ഞ് 3 മണിക്ക് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഒത്തുകൂടാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അവിടെ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.

തുടര്‍ച്ചയായ നാലാം ദിനമാണ് പ്രതിഷേധം തെരുവിലേക്ക് നീളുന്നത്. രാഷ്ട്രീയ സമരത്തിനപ്പുറം രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന സന്ദേശം നല്‍കാന്‍ ഇന്നലെ രാജ്ഘട്ടിലെ ഗാന്ധിസ്മൃതിയില്‍ എംപിമാര്‍ പ്രാര്‍ത്ഥനാ യോഗവും സംഘടിപ്പിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment