Friday, October 9, 2026
India News

CJP പ്രതിഷേധം: ട്രെയിനുകൾ റദ്ദാക്കി, 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും; ഡൽഹിയിൽ കനത്ത സുരക്ഷ

CJP പ്രതിഷേധം: ട്രെയിനുകൾ റദ്ദാക്കി, 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും; ഡൽഹിയിൽ കനത്ത സുരക്ഷ

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത ജന്തർ മന്തർ 2.0 പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രവർത്തകർ എത്തുന്നത് തടയുന്നതിനായി ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടും. പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നടപടികൾ.

ഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്കും അവിടെനിന്നും സർവീസ് നടത്തുന്ന ചില ട്രെയിനുകൾ നാളെ പുലർച്ചെ നാലുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ റദ്ദാക്കി. പശ്ചിമ ബംഗാളിൽനിന്ന് ഡൽഹിയിലേക്ക് വരേണ്ട രണ്ട് രാജധാനി എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കി.

സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടും. ഇന്ന് രാത്രി ഒൻപത് മണിയോടെ അടയ്ക്കുന്ന സ്റ്റേഷനുകൾ അധികൃതരുടെ തുടർനിർദേശത്തിന് ശേഷമേ തുറക്കുകയുള്ളൂ.

പ്രതിഷേധക്കാർ ജന്തർ മന്തറിലേക്ക് എത്തുന്നത് തടയുന്നതിനായി വിവിധ പാതകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാരിക്കേഡുകൾ സ്ഥാപിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 23,000 സിആർപിഎഫ് ജവാന്മാരെ ഡൽഹിയിൽ വിന്യസിച്ചു.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര ഐടി മന്ത്രാലയം നിർദേശം നൽകി. തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതാവിരുദ്ധവുമായ ഉള്ളടക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.

സിജെപി നാളെ നടത്താനിരുന്ന ജന്തർ മന്തർ 2.0 പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് പൊലീസ് കമ്മീഷണർ നൂപുർ പ്രസാദ് വ്യക്തമാക്കി. പ്രതിഷേധത്തിന് പത്ത് ദിവസം മുമ്പ് അനുമതി തേടണമെന്ന വ്യവസ്ഥ സംഘാടകർ പാലിച്ചില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

Related News

Comments

No comments yet. Be the first to comment!

Leave a Comment