Friday, October 9, 2026
Kerala News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎമ്മും

 ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎമ്മും


ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡല്‍ഹിയില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സിപിഐഎം പങ്കെടുക്കും. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധത്തില്‍ അണിനിരക്കും. മുഖ്യമന്ത്രി പിണറായി വിജയനും സമരത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും ഡല്‍ഹിയിലെത്തണമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടക്കുന്ന ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധം തടയുന്നതിനായി ഡല്‍ഹി പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. 221 കമ്പനി കേന്ദ്രസേനകളെ നഗരത്തില്‍ വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പത്ത് താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയതായും ഡല്‍ഹിയിലും അതിര്‍ത്തികളിലും പരിശോധന ശക്തമാക്കിയതായും വിവരമുണ്ട്.

സെന്‍ട്രല്‍ ഡല്‍ഹിയിലേക്കുള്ള ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഡല്‍ഹിയിലെ 57 മെട്രോ സ്റ്റേഷനുകളുടെ പ്രവേശന-പുറത്തുകടക്കല്‍ ഗേറ്റുകള്‍ ഇന്ന് രാത്രി ഒന്‍പത് മുതല്‍ അടച്ചിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെ ഡല്‍ഹിയിലെത്തുന്ന ട്രെയിനുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ലോക്കല്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കുമെന്നും വിവരമുണ്ട്. ഇടത് വിദ്യാര്‍ഥി-യുവജന സംഘടനകളുടെ നിരവധി നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment