കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. എന്നാല്‍ ലില്ലി ജോസിനെ കേസില്‍ പ്രതി ചേര്‍ക്കുന്ന പക്ഷം നോട്ടീസ് നല്‍കിയ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു.
വയനാട് വാഴവറ്റയിലെ മദ്യം പിടികൂടിയ വീട് തന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. എന്നാല്‍ വീട് ആന്റോ അഗസ്റ്റിന്റേത് തന്നെയാണെന്നാണ് എക്സൈസ് സംഘത്തിന്റെ നിലപാട്.
ബാങ്ക് ജപ്തി ചെയ്തതിന് പിന്നാലെ നടന്ന ലേലത്തില്‍ ലില്ലി ജോസ് വീട് വാങ്ങിയതാണെന്നും ആന്റോ അഗസ്റ്റിന്‍ വാദിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, നിലവില്‍ കേസില്‍പ്പെട്ട് കിടക്കുന്നതാണെന്നും കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി ആന്റോ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
അതേസമയം, വാഴവറ്റയിലെ വീട് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചതെന്നും എക്സൈസ് ആരോപിക്കുന്നു.
ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ചിരുന്ന 67 ലിറ്റര്‍ മദ്യം പിടികൂടിയത്. പിടിച്ചെടുത്ത മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment