Monday, September 21, 2026
Kerala News

മാസപ്പടി കേസ്: ED ശുപാര്‍ശയില്‍ പിണറായി വിജയനെതിരെ കേസെടുത്താല്‍ രാഷ്ട്രീയമായി നേരിടാന്‍ CPIM

മാസപ്പടി കേസ്: ED ശുപാര്‍ശയില്‍ പിണറായി വിജയനെതിരെ കേസെടുത്താല്‍ രാഷ്ട്രീയമായി നേരിടാന്‍ CPIM

തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ശുപാര്‍ശ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്താല്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ സി.പി.ഐ.എം. തീരുമാനം. കേന്ദ്ര ഏജന്‍സികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിയെന്ന് ചൂണ്ടിക്കാട്ടി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കേസെടുക്കാനുള്ള നിയമോപദേശം സി.പി.ഐ.എമ്മിനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു.

ആദ്യം മാസപ്പടിയായും പിന്നീട് കൈക്കൂലിയായും, ഇപ്പോള്‍ ഹവാല ഇടപാടായും വളരുന്ന ഇ.ഡി. കേസ് പാര്‍ട്ടിക്കെതിരെയുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് സി.പി.ഐ.എമ്മിന്റെ വിലയിരുത്തല്‍. നേതൃത്വത്തെ കേസില്‍ കുടുക്കി വിശ്വാസ്യത തകര്‍ക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിന് യു.ഡി.എഫ്. സര്‍ക്കാര്‍ കുടപിടിക്കുകയാണെന്നും സി.പി.ഐ.എം. ആരോപിക്കുന്നു. പിണറായി വിജയനെതിരായ നീക്കത്തെ പാര്‍ട്ടിക്കെതിരെയുള്ള ആക്രമണമായി കണ്ട് ശക്തമായി പ്രതിരോധിക്കും.

സി.പി.ഐ.എം. ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രതിരോധത്തിന് പുറമേ, സി.എം.ആര്‍.എല്‍. എം.ഡിയുടെ ഡയറിയില്‍ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളുള്ളതും സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അതിനാല്‍ നിയമപരമായ വശങ്ങള്‍ക്കൊപ്പം രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കൂടി വിലയിരുത്തിയാകും സര്‍ക്കാര്‍ മുന്നോട്ടുപോവുക. അതേസമയം, യു.ഡി.എഫ്. നേതാക്കള്‍ വാങ്ങിയത് പാര്‍ട്ടി ഫണ്ട് പിരിവിന്റെ ഭാഗമായുള്ള പണമാണെന്നും, വീണ വിജയന്റേത് മുഖ്യമന്ത്രിയെ മറയാക്കിയുള്ള കൈക്കൂലിയാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന്റെ തുടര്‍ന്നുള്ള നടപടികളെ ബി.ജെ.പിയും ഉറ്റുനോക്കുകയാണ്; കേസ് എടുത്തില്ലെങ്കില്‍ ഒത്തുകളി ആരോപിച്ച് രംഗത്തുവരാനാണ് ബി.ജെ.പിയുടെ തീരുമാനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment