Friday, September 18, 2026
Kerala News

തിരുവനന്തപുരം മൃഗശാല മാറ്റും; അനാവശ്യ വിവാദങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി കെ. മുരളീധരന്‍

 തിരുവനന്തപുരം മൃഗശാല മാറ്റും; അനാവശ്യ വിവാദങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി കെ. മുരളീധരന്‍


തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലെ മൃഗശാല മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍. മൃഗശാല മാറ്റണമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ തിരുവനന്തപുരം നഗരമധ്യത്തില്‍ നിന്ന് മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നതിനാണ് ആലോചന. മൃഗശാല മാറ്റുന്നതിലൂടെ തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ലെന്നും മന്ത്രി പറഞ്ഞു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ മാതൃകയില്‍ മൃഗശാല വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗങ്ങളെ നമ്മള്‍ കാണുന്ന രീതിക്ക് പകരം മൃഗങ്ങള്‍ക്ക് സ്വാഭാവികമായ അന്തരീക്ഷത്തില്‍ കഴിയാനും സന്ദര്‍ശകര്‍ക്ക് അവയെ കാണാനും കഴിയുന്ന രീതിയിലായിരിക്കും പുതിയ മൃഗശാല ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു.

മൃഗശാല മാറ്റണമെന്ന ആവശ്യം വാണിജ്യ താല്‍പര്യത്തിന്റെ ഭാഗമാണെന്ന സിപിഐഎം ആരോപണത്തോടും മന്ത്രി പ്രതികരിച്ചു. ആര്‍ക്കാണ് കച്ചവട താല്‍പര്യമില്ലാത്തതെന്നും ഒരു കൂട്ടര്‍ ചെയ്യുമ്പോള്‍ മാത്രം അത് ശരിയാണെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മൃഗശാല മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സി.പി. ജോണും രംഗത്തെത്തി. നഗരമധ്യത്തില്‍ മൃഗശാല അനുയോജ്യമല്ലെന്നും നഗരത്തിലെ ശബ്ദമലിനീകരണം മൃഗങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മൃഗശാല നഗരത്തില്‍നിന്ന് മാറ്റണമെന്ന വിഷയത്തില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷും യുഡിഎഫ് കൗണ്‍സിലര്‍ കെ.എസ്. ശബരീനാഥനും സര്‍ക്കാരിന് പിന്തുണയുമായി രംഗത്തെത്തി. നഗരവത്കരണം വര്‍ധിച്ചതോടെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്ക് നിലവിലെ സാഹചര്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മേയര്‍ പറഞ്ഞു. 160 വര്‍ഷം മുമ്പ് മൃഗശാല സ്ഥാപിച്ചപ്പോഴുണ്ടായിരുന്ന സാഹചര്യങ്ങളല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരം വളര്‍ന്നതോടെ മൃഗശാലയ്ക്കും ഇവിടെയുള്ള മൃഗങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലാതായെന്ന് കെ.എസ്. ശബരീനാഥനും ചൂണ്ടിക്കാട്ടി. നേപ്പിയര്‍ മ്യൂസിയവും തിരുവനന്തപുരം മൃഗശാലയും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment