Friday, September 18, 2026
Kerala News

റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ നടപടി: വിമര്‍ശനവുമായി തോമസ് ഐസക്ക്

 റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ  നടപടി: വിമര്‍ശനവുമായി തോമസ് ഐസക്ക്


തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ ജിഎസ്ടി വകുപ്പ് നടത്തുന്ന നടപടികളില്‍ വിമര്‍ശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക്. ഏത് നിയമവകുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ അന്വേഷണം നടത്തുന്നതെന്ന് ജിഎസ്ടി കമ്മീഷണര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിന് വ്യക്തമായ അടിത്തറയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിന്റെ സേവനം വാങ്ങുമ്പോള്‍ റിവേഴ്‌സ് ചാര്‍ജായി ജിഎസ്ടി ഈടാക്കുന്നത് ന്യായമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. അഡ്വാന്‍സിന് മേലുള്ള ജിഎസ്ടി അടച്ചിട്ടില്ലെങ്കില്‍ സെക്ഷന്‍ 74 പ്രകാരം പിഴയും ഈടാക്കാം. എന്നാല്‍, ഇത്തരം സേവനം നല്‍കുന്നില്ലെന്ന് എഎഫ്‌സി വ്യക്തമാക്കിയ സാഹചര്യത്തില്‍ സപ്ലൈ ഇല്ലാതെ ജിഎസ്ടി ഈടാക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്നും അദ്ദേഹം ചോദിച്ചു.

ജിഎസ്ടി എപ്പോഴും സപ്ലൈയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സപ്ലൈ ഇല്ലാതാകുന്നതോടെ ജിഎസ്ടിയുടെ അടിസ്ഥാനവും ഇല്ലാതാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു. പഴയ വാറ്റ്, വില്‍പ്പന നികുതി സംവിധാനങ്ങളില്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് വിവേചനാധികാരപ്രകാരം കേസെടുക്കാന്‍ കഴിയുമായിരുന്നെങ്കിലും ഇത്തരം അധികാരങ്ങള്‍ പിന്നീട് പരിമിതപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതി വെട്ടിപ്പ് നടത്തുന്നതിനായി വ്യാജ രേഖകള്‍ ചമയ്ക്കുകയോ ഇന്‍വോയ്‌സില്‍ ക്രമക്കേട് നടത്തുകയോ ചെയ്താല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കമ്മീഷണര്‍ക്ക് അധികാരമുണ്ടെന്നും എന്നാല്‍ ഇവിടെ എഎഫ്‌സിയുടെ ഭാഗത്തുനിന്ന് സപ്ലൈ തന്നെ ഉണ്ടായിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

അഡ്വാന്‍സായി നല്‍കിയ തുകയ്ക്ക് നികുതി പിരിച്ചിരുന്നെങ്കില്‍ പിന്നീട് അത് റീഫണ്ട് ചെയ്യേണ്ട സാഹചര്യമുണ്ടാകുമായിരുന്നുവെന്നും ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിനാണ് ജിഎസ്ടി സംവിധാനം കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment