Friday, September 18, 2026
Kerala News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍



തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദേശം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. അധികാരത്തിലെത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ ജയിലിലാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ വിഷയത്തില്‍ കാര്യമായ നടപടിയുണ്ടായില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നിര്‍ദേശം നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിയുണ്ടെന്ന ആരോപണം ജനങ്ങള്‍ക്കിടയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളും പുറത്തുവരുമോ എന്ന ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ സിപിഐഎം നടത്തിയ അഴിമതിയാണ് പ്രധാന വിഷയമായിരുന്നതെന്നും അത്തരം അഴിമതികള്‍ ആവര്‍ത്തിക്കാന്‍ ശ്രമമുണ്ടായാല്‍ ബിജെപി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കമ്പനിക്ക് യാതൊരു പ്രവര്‍ത്തനവും കൂടാതെ പണം ലഭിച്ചത് ദൈവിക ഇടപെടലല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമാണ് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment