തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ അന്വേഷണ പുരോഗതി എസ്ഐടി (SIT) തലവന്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. കേസില്‍ മുന്‍ കായികമന്ത്രിക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും.
അതേസമയം, പോലീസിന് പിന്നാലെ ആന്റോ അഗസ്റ്റിന്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ഇഡി (ED) നീക്കം ആരംഭിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കളമശേരി ആസ്ഥാനത്ത് 21 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ നിര്‍ണായക രേഖകളും മെമ്മറി കാര്‍ഡും എസ്ഐടി കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.
റെയ്ഡില്‍ കൂടുതല്‍ വിദേശ കറന്‍സിയും കണ്ടെടുത്തതായി സൂചനയുണ്ട്. ആന്റോ അഗസ്റ്റിന്റെ വാഴക്കാലയിലെ ഫ്‌ലാറ്റ്, വയനാട്ടിലെ വീട്, കൊച്ചിയിലെ ഗോട്ട് ആഡ് കമ്പനി എന്നിവിടങ്ങളിലും ഇന്നലെ പരിശോധന നടന്നു. കേസില്‍ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ ഉടന്‍ വിശദമായി ചോദ്യം ചെയ്യും. വഞ്ചന, ഗൂഢാലോചന കുറ്റങ്ങളാണ് കളമശ്ശേരി പോലീസ് ചുമത്തിയിട്ടുള്ളത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment