തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തനശൈലിയിൽ സമഗ്രമായ മാറ്റം നിർദേശിച്ച് സിപിഎം. വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിന് സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് അംഗീകാരം നൽകും. തിരഞ്ഞെടുപ്പ് പരാജയത്തിന് സംഘടനാപരമായ വീഴ്ചകൾ പ്രധാന കാരണമായതായി റിപ്പോർട്ടിൽ വിലയിരുത്തുന്നു.
ജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകുന്ന രീതിയിൽ പാർട്ടി കേഡർ സംവിധാനത്തിലും നേതൃത്വത്തിന്റെ പ്രവർത്തനശൈലിയിലും മാറ്റം വരുത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. പ്രവർത്തനരഹിതമായ പാർട്ടി കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുകയും പാർട്ടിയുടെ വർഗ–ബഹുജന സംഘടനകളെ കൂടുതൽ സജീവമാക്കുകയും വേണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്.
പാർട്ടി ഘടകങ്ങളുടെ പ്രവർത്തനം താഴെത്തട്ടിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതിനുമുള്ള നടപടികൾക്കും റിപ്പോർട്ടിൽ ഊന്നൽ നൽകുന്നുണ്ട്. സംഘടനാ തലത്തിലെ പോരായ്മകൾ പരിഹരിച്ച് പാർട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അതേസമയം, പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം. എ. ബേബി പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ പ്രസംഗങ്ങളും ചർച്ചയായേക്കും. പിണറായിയുടെ പ്രസംഗങ്ങളോടും സിപിഐയുമായുള്ള തർക്കങ്ങളോടും കേന്ദ്ര നേതൃത്വത്തിനുള്ള അതൃപ്തി എം. എ. ബേബി സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചേക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ഉയർന്ന സംഘടനാപരമായ വിമർശനങ്ങൾക്ക് മറുപടി നൽകുന്നതോടൊപ്പം, വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ–സംഘടനാ നടപടികൾക്കും കരട് റിപ്പോർട്ട് വഴികാട്ടിയാകുമെന്നാണ് വിലയിരുത്തൽ.
Comments
No comments yet. Be the first to comment!
Leave a Comment