Tuesday, September 1, 2026
Kerala News

എസ്ഐആറിന് പിന്നാലെ തളിപ്പറമ്പില്‍ 30,000 വോട്ട് കൂടിയെന്ന കെകെ രാഗേഷിന്റെ വാദം തെറ്റ്; വര്‍ധിച്ചത് 11,000ത്തോളം മാത്രം

 എസ്ഐആറിന് പിന്നാലെ തളിപ്പറമ്പില്‍ 30,000 വോട്ട് കൂടിയെന്ന കെകെ രാഗേഷിന്റെ വാദം തെറ്റ്; വര്‍ധിച്ചത് 11,000ത്തോളം മാത്രം


കണ്ണൂര്‍: എസ്ഐആറിന് പിന്നാലെ തളിപ്പറമ്പില്‍ 30,000ത്തിലധികം വോട്ട് വര്‍ധിച്ചെന്ന സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വാദം തെറ്റാണെന്ന് കണക്കുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം തളിപ്പറമ്പിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് ഏകദേശം 11,000 മാത്രമാണ്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,22,280 ആയിരുന്നു. എസ്ഐആറിന് ശേഷം നടന്ന 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 2,33,210 ആയി. ഇതോടെ ആകെ വര്‍ധിച്ചത് 10,930 വോട്ടാണ്.

അതേസമയം, തളിപ്പറമ്പില്‍ എസ്ഐആറിന് ശേഷം 30,000ത്തിലധികം വോട്ട് വര്‍ധിച്ചെന്നും ഇതില്‍ 80 ശതമാനവും മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണെന്നും കെ.കെ. രാഗേഷ് അവകാശപ്പെട്ടിരുന്നു. ഇന്നലെ തളിപ്പറമ്പില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഈ കണക്ക് അവതരിപ്പിച്ചത്.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ വാദം വസ്തുതാപരമല്ലെന്നാണ് വ്യക്തമാകുന്നത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ യഥാര്‍ഥ വര്‍ധന മറച്ചുവെച്ചാണ് 30,000ത്തിലധികം വോട്ട് കൂടിയെന്ന കണക്ക് അവതരിപ്പിച്ചതെന്നാണ് ആരോപണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment