Tuesday, August 25, 2026
Kerala News

മൂവാറ്റുപുഴ ജില്ല പ്രഖ്യാപനത്തിന് പിന്നാലെ തിരൂര്‍ ജില്ല ആവശ്യപ്പെട്ട് മുസ്ലിം ലീഗ്

മൂവാറ്റുപുഴ ജില്ല പ്രഖ്യാപനത്തിന് പിന്നാലെ തിരൂര്‍ ജില്ല ആവശ്യപ്പെട്ട് മുസ്ലിം ലീഗ്



മലപ്പുറം: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂര്‍ ആസ്ഥാനമായ ജില്ലയാണെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ പറഞ്ഞു.

തിരൂര്‍ ആസ്ഥാനമായി ജില്ല വേണമെന്ന ആവശ്യം കാല്‍നൂറ്റാണ്ടായി നിലനില്‍ക്കുന്നതാണെന്നും ഇത് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനതലത്തില്‍ തന്നെ ജില്ലകളുടെ പുനഃക്രമീകരണം നടത്തുന്നതിനൊപ്പം താലൂക്കുകളിലും പുനഃക്രമീകരണം വേണമെന്നാണ് ലീഗിന്റെ നിലപാട്.

തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകള്‍ ഉള്‍പ്പെടുത്തി തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. ഉയര്‍ന്ന ജനസംഖ്യ, ചരിത്രപ്രാധാന്യം, തീരപ്രദേശം, തുഞ്ചന്റെ മണ്ണ് തുടങ്ങിയ പ്രത്യേകതകള്‍ തിരൂരിനുണ്ടെന്നും പുതിയ ജില്ലയ്ക്ക് തിരൂര്‍ ഏറ്റവും അനുയോജ്യമാണെന്നും കുറുക്കോളി മൊയ്തീന്‍ പറഞ്ഞു.

മൂവാറ്റുപുഴയേക്കാള്‍ മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് പി.കെ. നവാസ് എംഎല്‍എയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി സമസ്തയിലെ ഇരു വിഭാഗങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു. പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍ കുമാറും വ്യക്തമാക്കിയിട്ടുണ്ട്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment