കതിര്‍ ആപ്പിലൂടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റിട്ടും പണം ലഭിച്ചില്ലെന്ന കര്‍ഷകരുടെ പരാതിയില്‍ പ്രതികരണവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്. കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുകയുടെ ഭൂരിഭാഗവും ഇതിനകം നല്‍കിയിട്ടുണ്ടെന്നും ബാക്കിയുള്ള തുക ഉത്രാട ദിനത്തില്‍ തന്നെ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ബാങ്കുകള്‍ വഴി പണം കൈമാറുന്നതിലുണ്ടായ സാങ്കേതിക കാലതാമസം മാത്രമാണ് നിലവിലെ പ്രശ്‌നത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ഉറവിടം വകുപ്പിനുള്ളില്‍ തന്നെയാണെന്നും വകുപ്പിനെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കതിര്‍ ആപ്പ് വഴി മാത്രമല്ല, മുന്‍കാലങ്ങളിലേതുപോലെ കൃഷി ഓഫീസില്‍നിന്നും കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കൃഷിവകുപ്പിന്റെ കതിര്‍ പദ്ധതി ഓണവിപണി ലക്ഷ്യമിട്ട കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്നാണ് പരാതി. കൃഷിവകുപ്പിന്റെ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ച കര്‍ഷകര്‍ക്ക് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.
കഴിഞ്ഞവര്‍ഷം വരെ കര്‍ഷകര്‍ക്ക് കൃഷി ഓഫീസുകള്‍ വഴി നേരിട്ടായിരുന്നു പണം നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ കതിര്‍ ആപ്പ് വഴിയാണ് രജിസ്‌ട്രേഷനും പണമിടപാടുകളും ക്രമീകരിച്ചിരിക്കുന്നത്. ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ വിപണന സംവിധാനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് കര്‍ഷകരുടെ ആരോപണം.
കര്‍ഷക രജിസ്‌ട്രേഷന്‍, വിള നിരീക്ഷണം, കാര്‍ഷിക ഉപദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി കൊണ്ടുവന്ന ഏകജാലക സംവിധാനമാണ് കതിര്‍ ആപ്പ്. എന്നാല്‍ മതിയായ തയ്യാറെടുപ്പുകളില്ലാതെ ഓണ്‍ലൈന്‍ വിപണിയിലേക്ക് സംവിധാനം കടന്നത് കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് ആക്ഷേപം.
നാളെ തിരുവോണം ആഘോഷിക്കാനിരിക്കെ ഉല്‍പ്പന്നങ്ങള്‍ വിറ്റതിന്റെ പണം ലഭിക്കാത്തത് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആപ്പ് ഒഴിവാക്കി പഴയ രീതിയില്‍ തന്നെ പണം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments
No comments yet. Be the first to comment!
Leave a Comment