തിരുവനന്തപുരം: എഐസിസി ആസ്ഥാനത്ത് വന്ദേമാതരത്തിന്റെ മുഴുവന്‍ വരികളും ആലപിച്ചതിനെതിരെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വന്ദേമാതരം ആലപിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും കേട്ടുനിന്നുവെന്നും സംഭവത്തില്‍ കോണ്‍ഗ്രസ് നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതാണ് പുതിയ കോണ്‍ഗ്രസ് എന്ന് വിമര്‍ശിച്ച ബിനോയ് വിശ്വം, ആശയപരമായി വ്യക്തതയില്ലാത്ത നിലയിലേക്ക് കോണ്‍ഗ്രസ് മാറിയെന്നും ആരോപിച്ചു. ചരട് പൊട്ടിയ പട്ടം പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും അദ്ദേഹം പരിഹസിച്ചു.
വന്ദേമാതരത്തെ ദേശീയഗാനമായോ ദേശീയഗീതമായോ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രത്യേക മതത്തെ വാഴ്ത്തുന്ന ഗാനത്തെ മതനിരപേക്ഷ ഇന്ത്യയുടെ ദേശീയഗാനമോ ദേശീയഗീതമോ ആക്കി മാറ്റാനുള്ള ശ്രമം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേമാതരം ആര്‍എസ്എസിന് പ്രിയപ്പെട്ടതാണെങ്കിലും ഇന്ത്യയ്ക്ക് ആ ഗാനത്തെ ദേശീയഗീതമായി പോലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറയേണ്ട ഘട്ടത്തിലാണ് എഐസിസി ആസ്ഥാനത്ത് മുഴുവന്‍ വരികളും ആലപിച്ചതെന്നും ബിനോയ് വിശ്വം ആരോപിച്ചു. കോണ്‍ഗ്രസിന് ഈ രാഷ്ട്രീയം അറിയില്ലെങ്കില്‍ അത് പഠിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment