Sunday, August 16, 2026
Kerala News

തിരുവനന്തപുരത്ത് ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം; ഫയര്‍ ഫോഴ്സ് തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

തിരുവനന്തപുരത്ത് ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം; ഫയര്‍ ഫോഴ്സ് തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

തിരുവനന്തപുരം: പട്ടം പ്ലാമൂട് ജങ്ഷന് സമീപമുള്ള ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. സമീപത്ത് മറ്റ് വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശവാസികളെയും തൊട്ടടുത്തുള്ള സ്വകാര്യ ഹോട്ടലിലെ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.

തീപിടിത്തത്തില്‍ ബിസിനസ് വൈരാഗ്യം സംശയിക്കുന്നതായി കടയുടമ ജോയ് എബ്രഹാം ആരോപിച്ചു. മുന്‍പും മൂന്ന് തവണ സ്ഥാപനത്തിന് നേരെ തീപിടിത്തം ഉണ്ടായിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. നഗരസഭയുടെ അനുമതിയോടെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും എന്നാല്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ ജോയ് എബ്രഹാം, ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നതായും സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചു.

അതേസമയം, തീപിടിത്തമുണ്ടായ ഗോഡൗണില്‍ ആവശ്യമായ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. വന്‍തോതില്‍ മാലിന്യങ്ങളും അനാവശ്യ വസ്തുക്കളും ഗോഡൗണിനുള്ളില്‍ കൂട്ടിയിട്ടിരുന്നതാണ് തീ പടരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ കടയുടമയ്‌ക്കെതിരെ കേസെടുക്കേണ്ടി വരുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment