തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധി നിജപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ ഒരുവിഭാഗം ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കിടയില്‍ കടുത്ത വിയോജിപ്പ്. കഴിഞ്ഞദിവസം എം. വി. ഗോവിന്ദന്‍ വിളിച്ചുചേര്‍ത്ത ഫ്രാക്ഷന്‍ യോഗത്തില്‍ ഭാരവാഹികളുടെ പ്രായപരിധി 38 വയസ്സായി കുറയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
നിലവില്‍ 40 വയസ്സായിട്ടുള്ള പ്രായപരിധി 38 ആക്കി ചുരുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗികമായി തീരുമാനമെടുക്കും മുമ്പേ പാര്‍ട്ടി സെക്രട്ടറി സ്വന്തം നിലയില്‍ നിര്‍ദേശം മുന്നോട്ടുവെച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. പാര്‍ട്ടി സെക്രട്ടറിയുടെ വ്യക്തിപരമായ നിര്‍ദേശം പാര്‍ട്ടിയുടെ അന്തിമ തീരുമാനമല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഡിവൈഎഫ്‌ഐയുടെ കേന്ദ്ര നേതാക്കളടക്കം 40 വയസ്സ് കഴിഞ്ഞവരാണെന്നിരിക്കെ, തങ്ങള്‍ക്ക് താല്പര്യമില്ലാത്ത നേതാക്കളെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കാനാണ് പ്രായപരിധി 38 വയസ്സാക്കി മാറ്റുന്നതെന്നാണ് ഒരുവിഭാഗം ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം.
അതേസമയം, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാക്കാന്‍ പാര്‍ട്ടിതലത്തില്‍ ധാരണയായതായാണ് സൂചനകള്‍. നിലവില്‍ കേന്ദ്രകമ്മിറ്റി അംഗമായ ചിന്ത ജെറോം തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഡിവൈഎഫ്‌ഐയുടെ ചരിത്രത്തിലെ ആദ്യ സംസ്ഥാന വനിതാ പ്രസിഡന്റായി മാറും. ഫ്രാക്ഷന്‍ യോഗത്തില്‍ എം. വി. ഗോവിന്ദനാണ് ഇതുസംബന്ധിച്ച പാനല്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ പേരും പരിഗണനയിലേക്ക് ഉയര്‍ന്നെങ്കിലും ഒടുവില്‍ ചിന്ത ജെറോമിലേക്ക് തീരുമാനമെത്തുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment