തൃശൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് സ്‌കൂള്‍ ഉടമ നടത്തിയ പ്രസ്താവന വിവാദമാകുന്നു. മാള ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക സ്‌കൂള്‍ ഉടമ ഡോ. രാജു ഡേവിസ് ആണ് സ്‌കൂളിലെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ വിവാദ ശബ്ദസന്ദേശം പങ്കുവെച്ചത്. ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാത്ത കുട്ടികളെ ക്ലാസില്‍ കയറ്റില്ലെന്നും അവധി ദിനത്തില്‍ സ്‌കൂളിലെത്താതിരുന്നതിന് രക്ഷിതാക്കള്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ എല്ലാ റൂട്ടുകളിലേക്കും പ്രത്യേകം ബസ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പകുതിയിലധികം രക്ഷിതാക്കളും കുട്ടികളെ അയച്ചില്ല. ഇതില്‍ പ്രകോപിതനായാണ് സാമ്പത്തിക നഷ്ടവും കുട്ടികളുടെ കുറവും ചൂണ്ടിക്കാട്ടി സ്‌കൂള്‍ ഉടമ കടുത്ത ഭാഷയില്‍ ശബ്ദസന്ദേശമയച്ചത്.
രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വീട്ടിലിരിക്കുന്നത് മോശമായ ഏര്‍പ്പാടാണെന്നും ഇത്തരക്കാര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടവരാണെന്നും ഡോ. രാജു ഡേവിസ് സന്ദേശത്തില്‍ പറയുന്നു. രാജ്യത്തെ ബഹുമാനിക്കാതെ കുട്ടികളെ വളര്‍ത്തുന്നതാണ് അവര്‍ ധിക്കാരികളായി മാറാന്‍ കാരണമെന്നും ഇവിടെ ജീവിക്കാന്‍ ഇവര്‍ അര്‍ഹരല്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവം പുറത്തുവന്നതോടെ സ്‌കൂള്‍ അധികൃതരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment