ന്യൂഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദുരന്തത്തില്‍ കുടുംബത്തിന്റെ ആശ്രയമായിരുന്ന വ്യക്തി മരിച്ചാല്‍, കുടുംബത്തിലെ മകനോ മകള്‍ക്കോ ജോലി നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേയെന്നും കോടതി ചോദിച്ചു.
ദുരന്തമുണ്ടാകുകയും ആളുകള്‍ മരിക്കുകയും ചെയ്യുമ്പോള്‍ കുടുംബങ്ങള്‍ക്ക് ആശ്വാസവും നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍, ജോലി നല്‍കുന്നത് തടയാന്‍ മറ്റുള്ളവര്‍ക്ക് എന്ത് അവകാശമാണുള്ളത്? എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.
കഴിഞ്ഞ സെപ്റ്റംബറില്‍ വിജയ് നയിച്ച തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും കുട്ടികളടക്കം 41 പേരാണ് മരിച്ചത്. വിജയ് വൈകിയെത്തിയതും ആവശ്യമായ കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാത്തതുമാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.
Comments
No comments yet. Be the first to comment!
Leave a Comment