കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ആശിഷ് ബാനര്‍ജിയെ (74) ബീര്‍ഭൂം ജില്ലയിലെ രാംപുര്‍ഹട്ടിലുള്ള പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള ഓഫീസിനുള്ളില്‍ ഞായറാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാംപുര്‍ഹട്ട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് എന്ന് സംശയിക്കുന്ന ഒരു കത്ത് പൊലീസ് കണ്ടെടുത്തു.
തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല എന്നും, രാഷ്ട്രീയത്തില്‍ ഇറങ്ങിയതാണ് തന്റെ അബദ്ധമെന്നും, താന്‍ അഴിമതി നടത്തുകയോ ക്രമക്കേടുകളില്‍ പങ്കാളിയാവുകയോ ചെയ്തിട്ടില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 2001 മുതല്‍ തുടര്‍ച്ചയായി അഞ്ചുതവണ രാംപുര്‍ഹട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച ആശിഷ് ബാനര്‍ജി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു.
25 വര്‍ഷത്തോളം മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്ന അദ്ദേഹം മമത ബാനര്‍ജി മന്ത്രിസഭയില്‍ വിദ്യാഭ്യാസ, കാര്‍ഷിക വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. തോല്‍വിയെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്നും ഭാരവാഹിത്വങ്ങളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം.
Comments
No comments yet. Be the first to comment!
Leave a Comment