മലപ്പുറം: പാണക്കാട് എടായിപ്പാലത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായതോടെയാണ് ജെസിബി ഉപയോഗിച്ച് റോഡില്‍ അടിഞ്ഞുകിടക്കുന്ന മണ്ണും അവശിഷ്ടങ്ങളും നീക്കിത്തുടങ്ങിയത്. എന്നാല്‍ മണ്ണ് നീക്കിയ ശേഷവും വാഹനഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
മണ്ണിനൊപ്പം വലിയ പാറക്കല്ലുകളും മരങ്ങളും റോഡിലേക്ക് പതിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും മണ്ണ് നീക്കുന്നതിനും കൂടുതല്‍ സമയമെടുക്കുമെന്ന് ഫയര്‍ഫോഴ്‌സ് സംഘം വ്യക്തമാക്കി. റോഡ് പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് നഗരസഭ അധ്യക്ഷന്‍ റിനിഷ് റഹ്‌മാന്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ചെട്ടിപ്പടി സ്വദേശിയായ നൗഫലിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അറിയിച്ചു. അതേസമയം, താന്‍ ആരുടെയും ബിനാമിയല്ലെന്ന് നൗഫല്‍ പ്രതികരിച്ചു. കാര്‍ സര്‍വീസ് സെന്റര്‍ ആരംഭിക്കാനായിരുന്നു പദ്ധതിയെന്നും, ജൂണ്‍ 5 മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ കുന്നില്‍ നിന്ന് ഇപ്പോഴും ശക്തമായ നീരൊഴുക്ക് തുടരുന്നതായി പുതിയ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിതമായി പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ അധികൃതര്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്.
Comments
No comments yet. Be the first to comment!
Leave a Comment