Wednesday, July 29, 2026
India News

രാഹുൽ ഗാന്ധിയുടെ വിഡ്ഢി പരാമർശം; ലോക്സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം

രാഹുൽ ഗാന്ധിയുടെ വിഡ്ഢി പരാമർശം; ലോക്സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ  വിഡ്ഢി പരാമർശത്തെ ചൊല്ലി ലോക്സഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം. വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിന്റെ അനുഭവം പങ്കുവെക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി വിവാദമായ പരാമർശം നടത്തിയത്.

ചിലർ സ്വയം എല്ലാം അറിയുന്നവരാണെന്ന് കരുതുകയും, ആരുടെയും അഭിപ്രായം കേൾക്കാതിരിക്കുകയും ചെയ്യുന്നുവെന്നും അത്തരക്കാരെ എന്ത് വിളിക്കാമെന്ന് ഒരു വിദ്യാർഥിനി ചോദിച്ചപ്പോൾ വിഡ്ഢികൾ എന്ന മറുപടി നൽകിയതായും രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു. സ്വയം ദൈവമാണെന്ന് വിശ്വസിച്ച് ഒരു പ്രതിച്ഛായ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.

രാഹുലിന്റെ പരാമർശത്തെ തുടർന്ന് ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാർഥിയുടെ പേരിൽ രാഹുൽ ഗാന്ധി തന്നെ വിഡ്ഢി എന്ന പദം ഉപയോഗിക്കുകയാണെന്നും ഇത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. പരാമർശം രേഖകളിൽ നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, താൻ ആരെയും വ്യക്തിപരമായി വിഡ്ഢി എന്ന് വിളിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി. സഭയിൽ ആരെയെങ്കിലും അങ്ങനെ വിളിച്ചാൽ അത് ചട്ടവിരുദ്ധമാണെന്ന് അറിയാമെന്നും ഒരു വിഭാഗത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് വിഡ്ഢികൾ എന്ന പദത്തിന് പകരം രണ്ടാമത്തെ വിഭാഗം എന്ന പ്രയോഗമാണ് രാഹുൽ ഉപയോഗിച്ചത്.

രണ്ടാമത്തെ വിഭാഗത്തിന് എപ്പോഴും ഒരു പ്രതിച്ഛായ ആവശ്യമാണെന്നും ആ ചിത്രം യാഥാർഥ്യമല്ലെന്നും രാഹുൽ പറഞ്ഞു. അതിന് പിന്നാലെ വിദ്യാഭ്യാസ മേഖലയെയും വിദ്യാർഥി വിഷയങ്ങളെയും കുറിച്ചും അദ്ദേഹം സംസാരിച്ചു.

അതേസമയം, രാജ്യത്തെ സർവകലാശാലകളിൽ ആർഎസ്എസ് ഇടപെടൽ ഉണ്ടെന്നും വിദ്യാർഥികളുടെ പ്രധാന വെല്ലുവിളി അതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെക്കുറിച്ചും ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ചും അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചു.അമിത് ഷായെക്കുറിച്ചുള്ള പരാമർശങ്ങളിൽ കേന്ദ്രമന്ത്രി കിരൺ റിജിജു എതിർപ്പ് രേഖപ്പെടുത്തി. അടിസ്ഥാനമില്ലാത്ത ഗുരുതര ആരോപണങ്ങൾ ഉന്നയിക്കരുതെന്നും തെളിവുകൾ ഹാജരാക്കണമെന്നും അല്ലെങ്കിൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News

Comments

No comments yet. Be the first to comment!

Leave a Comment