Wednesday, July 29, 2026
Kerala News

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമര്‍ശം: ടി.ജി മോഹന്‍ദാസിനെതിരെ കലാപാഹ്വാനത്തിന് കേസ്

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമര്‍ശം: ടി.ജി മോഹന്‍ദാസിനെതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും അവരെ വെടിവെച്ചുകൊല്ലണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് കേസെടുത്തു. കലാപാഹ്വാനം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

യൂട്യൂബ് വീഡിയോയിലൂടെ പ്രക്ഷോഭകരെ ക്രിമിനലുകളെന്നും ബലാത്സംഗം ചെയ്യുന്നവരെന്നും മോഹന്‍ദാസ് അധിക്ഷേപിച്ചിരുന്നു. സമരസ്ഥലത്തുനിന്ന് പോലീസിനെ പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ അവിടെ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും ശവങ്ങള്‍ കുന്നുകൂടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. കൂടാതെ, തനിക്ക് അവസരം ലഭിച്ചാല്‍ ജന്തര്‍ മന്ദിര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച് മുന്നറിയിപ്പ് നല്‍കിയ ശേഷം പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നും മോഹന്‍ദാസ് പ്രസ്താവിച്ചിരുന്നു.  

സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സൈബര്‍ ഓപ്പറേഷന്‍സ് ഐജി പി. പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് കേസ് എടുത്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളും ടി.ജി. മോഹന്‍ദാസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment