ഡൽഹി: ഡൽഹി പൊലീസിന്റെ അറസ്റ്റ് നീക്കങ്ങൾക്കെതിരെ നിയമനടപടിയുമായി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഐഷി ഘോഷ് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹർജി നൽകി.
ഐഷി ഘോഷിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ കോടതിയിൽ ഹാജരാകും. ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ ഐഷി സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ 2021ലെ പഴയൊരു കേസിന്റെ പേരിൽ ഐഷിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നത്. കേസ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് അറസ്റ്റ് നീക്കങ്ങളുമായി പൊലീസ് മുന്നോട്ട് പോകുന്നതെന്നാണ് ഐഷി ഘോഷിന്റെ അഭിഭാഷക പക്ഷം ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലെത്തി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് പൊലീസ് എത്തിതും. ഐഷിയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം സിപിഎം നേതാക്കളും അഭിഭാഷകരും ചേർന്ന് ശക്തമായി പ്രതിരോധിച്ചതോടെ പൊലീസിന് മടങ്ങേണ്ടി വന്നു.
തുടർന്ന് രാത്രിയിൽ മഫ്തിയിലുള്ള പൊലീസ് സംഘം വീണ്ടും എകെജി ഭവനിലെത്തി ഐഷി ഘോഷിന്റെ താമസസ്ഥലം, ഓഫീസിലെത്തുന്ന സമയം, പാർട്ടി നേതാക്കളുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ചതായി സിപിഎം ആരോപിച്ചു.
പൊലീസ് നടപടിക്കെതിരെ സിപിഎമ്മും എസ്എഫ്ഐയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയ രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ അനുമതിയില്ലാതെ പൊലീസ് പ്രവേശിച്ചുവെന്നാരോപിച്ച് സിപിഎം പ്രതിഷേധം രേഖപ്പെടുത്തി.
Comments
No comments yet. Be the first to comment!
Leave a Comment