തമിഴ്‌നാട്ടില്‍ നിന്ന് കേരളം ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കരിങ്കല്ലും അനുബന്ധ ഖനന ഉത്പന്നങ്ങളുടെയും നീക്കം മൂന്ന് മാസത്തേക്ക് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ ഡോ. ടി. പ്രഭുശങ്കറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാനത്തെ കരിങ്കല്‍ ക്ഷാമം പരിഗണിച്ചാണ് നടപടിയെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വിശദീകരണം.
കരിങ്കല്ല്, മെറ്റല്‍ ചിപ്‌സ്, ജെല്ലി, എം-സാന്‍ഡ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ വിതരണം തടസ്സപ്പെടുന്നതോടെ കേരളത്തിലെ നിര്‍മാണ മേഖലയെയും ദേശീയപാത വികസന പദ്ധതികളെയും തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് കത്തയച്ചു. ദേശീയപാത നിര്‍മാണം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്ക് നിരോധനം തിരിച്ചടിയാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ ഖനന ഉത്പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിക്കാനുള്ള പൂര്‍ണ അധികാരം മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരുന്നു. അനധികൃത ഖനനം തടയുകയും സംസ്ഥാനത്തെ ഖനന വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment