മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥര്‍ എന്നിവരും അംഗങ്ങളായിരിക്കും.
ഞായറാഴ്ച രാവിലെ 10.50ഓടെ കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിഫെന്‍ഡര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തില്‍പ്പെട്ടത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം നടന്ന അപകടത്തില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് മരിച്ചു. അപകടത്തില്‍ 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ അറിയിച്ചു. അപകടത്തിന്റെ പ്രാഥമിക പരിശോധന തുടരുകയാണെന്നും, ചികിത്സയിലുള്ള ബസ് ഡ്രൈവറുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ലെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ വ്യക്തമാക്കി.
അപകടത്തില്‍ മരിച്ച വൈഷ്ണവിന്റെ സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ നടന്നു. രാവിലെ എട്ട് മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ദേവസ്വം ബോര്‍ഡ് പരീക്ഷ എഴുതാന്‍ സഹോദരന്‍ വൈശാഖിനൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു വൈഷ്ണവ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വൈശാഖിനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment