തിരുവനന്തപുരം: കണ്ഠരര് രാജീവരര്‍ക്ക് പകരം മകന്‍ ബ്രഹ്‌മദത്തന്‍ ശബരിമലയിലെ പുതിയ തന്ത്രിയാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വരും ചിങ്ങം ഒന്നിന് ബ്രഹ്‌മദത്തന്‍ തന്ത്രിയായി ഔദ്യോഗികമായി ചുമതലയേല്‍ക്കും. അടുത്ത വര്‍ഷം കര്‍ക്കിടകം 31 വരെയാണ് ബ്രഹ്‌മദത്തന്റെ കാലാവധി.
ബ്രഹ്‌മദത്തന് താന്ത്രികവൃത്തിയിലുള്ള പരിജ്ഞാനവും യോഗ്യതയും പരിശോധിക്കുന്നതിനായി ഒരു വിദഗ്ദ്ധ സമിതിയെ ദേവസ്വം ബോര്‍ഡ് മുന്‍പ് ചുമതലപ്പെടുത്തിയിരുന്നു. അക്കീരമണ്‍ കാളിദാസ ഭട്ടതിരി, തറയില്‍ കുഴിക്കാട്ട് അഗ്‌നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരി, കടിയക്കോല്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി എന്നിവരടങ്ങിയ സമിതിയാണ് പരിശോധനകള്‍ നടത്തിയത്. ബ്രഹ്‌മദത്തന്‍ തന്ത്രിസ്ഥാനം അലങ്കരിക്കാന്‍ പൂര്‍ണ യോഗ്യനാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വിദഗ്ദ്ധ സമിതി ബോര്‍ഡിന് കൈമാറിയിരുന്നു.
അനാരോഗ്യം മൂലം തനിക്ക് താന്ത്രിക ചുമതലകളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലെ തന്ത്രി കണ്ഠരര് രാജീവരര് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. തന്റെ ഒഴിവിലേക്ക് മകന്‍ ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. പിതാവിന്റെ ഈ അഭ്യര്‍ഥനയും വിദഗ്ദ്ധ സമിതിയുടെ അനുകൂല റിപ്പോര്‍ട്ടും പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡ് ബ്രഹ്‌മദത്തനെ പുതിയ തന്ത്രിയായി നിയമിക്കാനുള്ള അന്തിമ തീരുമാനമെടുത്തത്.
Comments
No comments yet. Be the first to comment!
Leave a Comment