Saturday, July 25, 2026
Kerala News

സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാട്; വീണയ്ക്ക് കുരുക്കായി ശശിധരന്‍ കര്‍ത്തയുടെ മൊഴി

 സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാട്; വീണയ്ക്ക് കുരുക്കായി ശശിധരന്‍ കര്‍ത്തയുടെ മൊഴി

കൊച്ചി:   സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ ടി.യ്ക്കും തിരിച്ചടിയായി സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴി. എക്‌സാലോജിക് സൊല്യൂഷന്‍സ് സിഎംആര്‍എല്ലിന് യാതൊരു വിധ സേവനങ്ങളും നല്‍കിയിട്ടില്ലെന്ന് 2024 ഏപ്രില്‍ 17-ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ശശിധരന്‍ കര്‍ത്ത നല്‍കിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. 

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതുകൊണ്ടാണ് വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും കര്‍ത്ത വ്യക്തമാക്കിയതായി ഇ.ഡി വ്യക്തമാക്കുന്നു.  എക്‌സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് കണ്‍സല്‍റ്റന്‍സി സേവനങ്ങളുടെ പേരില്‍ ലഭിച്ച തുകയ്ക്ക് പകരമായി സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ വീണ വിജയനും സമ്മതിച്ചിരുന്നതായി ഇ.ഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. 

കൃത്യമായ ഇന്‍വോയ്സുകള്‍ ഇല്ലാതെയാണ് പണമിടപാടുകള്‍ നടന്നതെന്നും എക്‌സാലോജിക്കിന്റെ പ്രവര്‍ത്തനം കര്‍ത്ത നല്‍കിയ പണത്തിലായിരുന്നുവെന്നുമാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.  കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി വീണയുടെ പേരിലും സ്ഥാപനങ്ങളുടെ പേരിലുമുള്ള 16.5 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും അക്കൗണ്ടുകളും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. മരവിപ്പിച്ച ഈ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനായി ഇ.ഡി ഉടന്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയിട്ടുള്ളത്.  

അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് നല്‍കിയ ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഭരണപക്ഷവും സി.പി.ഐ.എമ്മും വലിയ രാഷ്ട്രീയ പ്രതിരോധത്തിലായിരിക്കുകയാണ്. മുന്‍പ് രണ്ടുതവണ ഇ.ഡി ചോദ്യം ചെയ്തപ്പോഴും സാമ്പത്തിക വിനിയോഗത്തെക്കുറിച്ചും കരാറുകളെക്കുറിച്ചും വ്യക്തമായ മറുപടി നല്‍കാന്‍ വീണയ്ക്ക് കഴിഞ്ഞിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകളുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനൊരുങ്ങുകയാണ് ഇ.ഡി.  


Related News

Comments

No comments yet. Be the first to comment!

Leave a Comment