തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ഉത്തരവില്‍ ഗുരുതരമായ കണ്ടെത്തലുകള്‍. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്രതികള്‍ക്ക് അനുകൂലമായി ഇടപെട്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്.
ക്രിമിനല്‍ നടപടി ചട്ടം 36 പ്രകാരമുള്ള അധികാരം ദുരുപയോഗം ചെയ്താണ് അന്വേഷണത്തില്‍ ഇടപെട്ടതെന്നാണ് കണ്ടെത്തല്‍. കേസിലെ ഇരകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുപകരം പ്രതികളെ രക്ഷിക്കാന്‍ അധികാരം ഉപയോഗിച്ചതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. എ.ഡി.ജി.പി സമ്മര്‍ദം ചെലുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥരായ മൂന്ന് ഡിവൈ.എസ്.പിമാര്‍ മൊഴി നല്‍കിയതായും ഡിജിറ്റല്‍ തെളിവുകള്‍ ഇതിനെ പിന്തുണയ്ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നടപടികളെ ചോദ്യം ചെയ്താണ് എം.ആര്‍. അജിത് കുമാര്‍ വിശദീകരണം നല്‍കിയത്. രേഖകളിലെ തിരുത്തലുകള്‍ അന്വേഷിക്കാന്‍ എസ്.ഐ.ടിക്ക് അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കൂടുതല്‍ രേഖകളും തെളിവുകളും സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഡി.ജി.പി അത് അംഗീകരിച്ചില്ല.
കേസ് അവസാനിപ്പിച്ച സമയത്ത് താന്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തിലായിരുന്നുവെന്ന അജിത് കുമാറിന്റെ വാദവും അന്വേഷണത്തില്‍ തള്ളപ്പെട്ടു. വയനാട്ടില്‍ നിന്ന് വാട്‌സ്ആപ്പ് വഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതും അദ്ദേഹത്തിന് തിരിച്ചടിയായി. എ.ഡി.ജി.പി ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരും അദ്ദേഹത്തിനെതിരെ മൊഴി നല്‍കിയ സാഹചര്യത്തില്‍, കൂടുതല്‍ വിശദീകരണത്തിനായി കാത്തിരിക്കാതെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം തുടരണമെന്നാണ് ഡി.ജി.പി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്
Comments
No comments yet. Be the first to comment!
Leave a Comment