Thursday, July 23, 2026
Kerala News

ആക്രമണം തുടര്‍ന്ന് അമേരിക്ക; തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇറാനെതിരെ ആക്രമണം

 ആക്രമണം തുടര്‍ന്ന് അമേരിക്ക; തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇറാനെതിരെ ആക്രമണം

ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സൈനിക ഏറ്റുമുട്ടല്‍ അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും അമേരിക്ക ഇറാനില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തി. ബുഷെഹര്‍ ആണവനിലയത്തിന് സമീപമുള്ള വൈദ്യുത സബ്സ്റ്റേഷനടക്കമുള്ള നിര്‍ണായക മേഖലകളില്‍ ആക്രമണം നടന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഓരോ കപ്പലിനുനേരെയും ഇറാന്‍ ആക്രമണം നടത്തിയാല്‍, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലുള്ളതോ സമീപത്തുള്ളതോ ആയ പാലങ്ങളോ പവര്‍ പ്ലാന്റുകളോ ബോംബിട്ട് തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

സമുദ്രപാതകളിലെ ആക്രമണങ്ങളും പ്രതിസന്ധിയും തുടരുകയാണ്. സൗദി അറേബ്യയിലെ അല്‍ ഷുഖൈഖില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായും കപ്പലില്‍ തീപിടുത്തമുണ്ടായതായും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) വ്യക്തമാക്കി. കൂടാതെ രണ്ട് സൗദി എണ്ണ ടാങ്കറുകള്‍ തങ്ങള്‍ ആക്രമിച്ചതായി ഹൂതി വിമതരും അവകാശപ്പെട്ടു. മൂന്നാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങളില്‍ ഇറാനില്‍ 58 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.  മേഖലയില്‍ നയതന്ത്ര-സൈനിക നീക്കങ്ങളും വേഗത്തില്‍ നടക്കുന്നുണ്ട്. 

ഇസ്രയേലിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് സൗദി അറേബ്യയും അമേരിക്കയും തമ്മില്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചതായി യു.എസ് ഊര്‍ജ്ജ വകുപ്പ് വ്യക്തമാക്കി. അതേസമയം, ഇറാന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ പശ്ചിമേഷ്യയിലൊരിടത്തും സുരക്ഷയുണ്ടാകില്ലെന്നും, പാലങ്ങളും ഊര്‍ജ നിലയങ്ങളും ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് വ്യക്തമാക്കി. ആക്രമണങ്ങള്‍ക്കിടയിലും മധ്യസ്ഥരാഷ്ട്രങ്ങള്‍ വഴി നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ട്.  

യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യത യു.എസില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇറാന്‍ യുദ്ധത്തിന് ഇതുവരെ 3750 കോടി ഡോളര്‍ ചെലവായതായി പെന്റഗണ്‍ യു.എസ് സെനറ്റിനെ അറിയിച്ചു. യുദ്ധ മുന്നേറ്റത്തിനായി 7000 കോടി ഡോളറിന്റെ അധിക ഫണ്ട് വകയിരുത്തണമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് സെനറ്റ് സമിതിയോട് അഭ്യര്‍ത്ഥിച്ചു.  


Related News

Comments

No comments yet. Be the first to comment!

Leave a Comment