Thursday, July 16, 2026
Kerala News

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളെ; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളെ; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച വാദങ്ങൾ പാലക്കാട് ജില്ലാ അഡിഷനൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. പ്രതിയെ നാളെ ഓൺലൈനായി കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് ചെന്താമര കൊലപാതകങ്ങൾ നടത്തിയതെന്നും ഇയാൾ സമൂഹത്തിന് ഭീഷണിയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ എം ജെ വിജയകുമാർ വാദിച്ചു.

പ്രതിക്ക് മാനസാന്തരം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അയൽവാസികളായ ചിലർക്ക് ഇപ്പോഴും പ്രതിയിൽ നിന്ന് ഭീഷണിയുണ്ടെന്നും അവരുടെ സുരക്ഷ പരിഗണിക്കണമെന്നും കോടതിയിൽ വാദിച്ചു.

അതേസമയം, പ്രതിക്കെതിരെ സാഹചര്യ തെളിവുകൾ മാത്രമാണ് ഉള്ളതെന്നും നേരിട്ട് കണ്ട സാക്ഷികളില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു വാദിച്ചു. കേസിൽ സംശയത്തിന്റെ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റം നടന്നതിന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ബിഎൻഎസ് വകുപ്പ് 103(1), 126(2) വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിധിക്ക് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് തൂക്കി കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ മറുപടി.

വിധിപ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയർത്തിയിരുന്നു. വേണ്ടി വന്നാൽ താൻ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ലെന്നും എഴുതാൻ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും, പ്രതിക്ക് മാനസിക പ്രശ്‌നമില്ലെന്ന ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടും കോടതി പരിഗണിച്ചു.

Related News

Comments

No comments yet. Be the first to comment!

Leave a Comment