Wednesday, July 15, 2026
International News

വാനോളം അഭിമാനം; ഡോ. അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍

വാനോളം അഭിമാനം; ഡോ. അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഡോ. അനില്‍ മേനോന്‍. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സോയൂസ് പ്രോഗ്രസ് പേടകം വിജയകരമായി രാജ്യാന്തര ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചതോടെയാണ് ഈ അഭിമാന നിമിഷം കുറിക്കപ്പെട്ടത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു പേടകത്തിന്റെ ഡോക്കിംഗ് പ്രക്രിയ പൂര്‍ത്തിയായത്. തുടര്‍ന്ന് പുലര്‍ച്ചെ 1.25ന് ഡോ. അനില്‍ മേനോനും സംഘവും ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചു.

സാകിസ്താനിലെ പ്രശസ്തമായ ബൈക്കന്നൂര്‍ കോസ്‌മോഡ്രോമില്‍ നിന്നായിരുന്നു ഈ നിര്‍ണായക ദൗത്യത്തിന്റെ വിക്ഷേപണം നടന്നത്. മലയാളിയായ അനില്‍ മേനോനൊപ്പം റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവരും ദൗത്യത്തിലുണ്ട്. മിഷന്‍ കമാന്‍ഡറായ പ്യോട്ടര്‍ ദുബ്രോവിന്റെ നേതൃത്വത്തില്‍ എട്ട് മാസം നീണ്ടുനില്‍ക്കുന്ന ദീര്‍ഘകാല ദൗത്യത്തിനാണ് ഈ മൂന്നംഗ സംഘം പുറപ്പെട്ടിരിക്കുന്നത്. ബഹിരാകാശ നിലയത്തിലെ ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക.

ബഹിരാകാശ നിലയത്തില്‍ തങ്ങുന്ന എട്ട് മാസക്കാലം അതീവ സുപ്രധാനമായ നിരവധി ശാസ്ത്ര സാങ്കേതിക പരീക്ഷണങ്ങള്‍ക്കാണ് ഈ സംഘം നേതൃത്വം നല്‍കുക. ഭാവിയില്‍ മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കുന്ന ദൗത്യങ്ങള്‍ക്ക് ആവശ്യമായ നിര്‍ണായക പഠനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രത്യേകിച്ച്, മൈക്രോ ഗ്രാവിറ്റി (ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥ) മനുഷ്യശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍, സഞ്ചാരികളുടെ രക്തയോട്ടം, സിരകളുടെയും രക്തത്തിന്റെയും ഘടന എന്നിവയെക്കുറിച്ചുള്ള വിശദമായ മെഡിക്കല്‍ പരിശോധനകള്‍ ഇവര്‍ നടത്തും. കൂടാതെ, ബഹിരാകാശ നിലയത്തിലെ ശുദ്ധജലം ഉപയോഗിച്ചുള്ള മരുന്ന് പരീക്ഷണങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ഓഗ്മെന്റഡ് റിയാലിറ്റി (AR) സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള ആധുനിക പരീക്ഷണങ്ങളും ഈ ദൗത്യത്തിന്റെ ഭാഗമാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment