തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ആരോഗ്യവകുപ്പില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണത്തിന് ഒമ്പതംഗ ഉന്നതതല സമിതിയെ നിയോഗിച്ചു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (NHM) സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KMSCL) മാനേജിങ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (DME), ആരോഗ്യവകുപ്പ് ഡയറക്ടര്‍ (DHS) എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്കും മെഡിക്കല്‍ കോളജുകളിലേക്കുമായി വാങ്ങിയ മുഴുവന്‍ മെഡിക്കല്‍ ഉപകരണങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വാങ്ങല്‍ പ്രക്രിയയാണ് സമിതി പരിശോധിക്കുക. ഉപകരണങ്ങള്‍ വാങ്ങിയ രീതി, അവ സ്ഥാപിക്കല്‍, കമ്മിഷനിങ്, ഉപയോഗക്ഷമത, നിലവിലെ പ്രവര്‍ത്തന അവസ്ഥ, വാര്‍ഷിക പരിപാലന കരാറുകള്‍ (AMC) തുടങ്ങിയ കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമാണ് ലക്ഷ്യമിടുന്നത്. കോടികള്‍ വിലമതിക്കുന്ന അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ പല ആശുപത്രികളിലും ഉപയോഗിക്കാതെ തുരുമ്പെടുത്തു നശിക്കുന്നുവെന്ന പരാതികളും സമിതി പരിശോധിക്കും.
അന്വേഷണത്തിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും സൂപ്രണ്ടുമാരുടെയും അടിയന്തര യോഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ചുചേര്‍ത്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വാങ്ങിയ ഉപകരണങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകളും വിശദാംശങ്ങളും അഞ്ച് ദിവസത്തിനകം സമര്‍പ്പിക്കാന്‍ യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിലകൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിച്ച നിരന്തരമായ പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് മുന്‍പ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കൃത്യമായ പരിശോധനയ്ക്ക് ശേഷം എത്രയും വേഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment