ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. മൊംബാസ (Mombasa), അല്‍ ബഹിയ (Al Bahiyah) എന്നീ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതില്‍ മൊംബാസയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ എട്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരില്‍ ആറുപേര്‍ ഇന്ത്യക്കാരും രണ്ടുപേര്‍ ഉക്രെയ്ന്‍ പൗരന്മാരുമാണ്. ഒമാന്റെ പ്രാദേശിക സമുദ്രപരിധിയിലൂടെ കടന്നുപോകുകയായിരുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ക്രൂസ് മിസൈലുകള്‍ തൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെത്തുടര്‍ന്ന് ഇരു കപ്പലുകളിലും തീപിടിത്തമുണ്ടായെങ്കിലും പിന്നീട് നിയന്ത്രണവിധേയമാക്കി.
യുഎഇ പ്രതിരോധ മന്ത്രാലയം ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരവും വ്യക്തവുമായ ലംഘനമാണെന്ന് മന്ത്രാലയം പ്രതികരിച്ചു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കനത്ത ഭീഷണിയുയര്‍ത്തുന്നതാണ് ഇറാന്റെ നടപടിയെന്നും യുഎഇ വ്യക്തമാക്കി. ഇതിനിടെ ബഹ്റൈനിലും പുലര്‍ച്ചെയോടെ ആക്രമണശ്രമം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ രണ്ട് തവണ അപായ സൈറണുകള്‍ മുഴങ്ങി.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോര്‍മൂസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തേക്കുമെന്ന് പ്രതികരിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹോര്‍മൂസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കടന്നുപോകുന്ന എല്ലാ കപ്പലുകളില്‍ നിന്നും 20 ശതമാനം ഫീസ് ഈടാക്കുമെന്നും ട്രംപ് ആവര്‍ത്തിച്ചു. ഹോര്‍മൂസ് കടലിടുക്കിന്റെ കാവല്‍ മാലാഖ(Guardian Angel) അമേരിക്കയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലും കുറിച്ചിരുന്നു.
ഫീസ് പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിനെ പരിഹസിച്ച് ഇറാന്‍ രംഗത്തെത്തി. ട്രംപ് പ്രഖ്യാപിച്ച 20 ശതമാനം ഫീസ് വളരെ കൂടുതലാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചു. അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇറാന്‍ സുരക്ഷ ഉറപ്പാക്കാമെന്നും ഹോര്‍മൂസ് കടലിടുക്കിന്റെ യഥാര്‍ത്ഥ കാവല്‍ക്കാര്‍ ഇറാനാണെന്നും അരഗ്ചി പ്രഖ്യാപിച്ചു.
ഇതിനിടെ ഹോര്‍മൂസില്‍ വീണ്ടും നാവിക ഉപരോധം ഏര്‍പ്പെടുത്തുന്നതായി അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ഒന്നര മുതല്‍ ഉപരോധം നിലവില്‍ വരുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 18-ന് പിന്‍വലിച്ച നാവിക ഉപരോധമാണ് മേഖലയിലെ സംഘര്‍ഷാവസ്ഥ മുന്‍നിര്‍ത്തി അമേരിക്ക ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment