Tuesday, July 14, 2026
Kerala News

പൊള്ളുന്ന വില; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില 300ലേക്ക്‌; കോഴി മുട്ടയുടെ വിലയും ഉയര്‍ന്നു

പൊള്ളുന്ന വില; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില 300ലേക്ക്‌; കോഴി മുട്ടയുടെ വിലയും ഉയര്‍ന്നു

കോഴിക്കോട്: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയര്‍ന്നതോടെ കോഴി വിലയും കുത്തനെ വര്‍ധിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം കിലോയ്ക്ക് 80 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഒരു കിലോ കോഴിയിറച്ചിയുടെ വില 300 രൂപയോട് അടുത്തിരിക്കുകയാണ്. ഇതോടെ സാധാരണക്കാരന്റെ അടുക്കള ബജറ്റ് പൂര്‍ണമായും താളംതെറ്റിയ അവസ്ഥയിലാണ്. കോഴിയിറച്ചിക്ക് പിന്നാലെ മുട്ടവിലയും കുതിച്ചുയരുകയാണ്; വിപണിയില്‍ ഒരു കോഴിമുട്ടയുടെ വില ഇപ്പോള്‍ 8.50 രൂപയിലെത്തി നില്‍ക്കുന്നു.

കോഴി വിലയ്ക്ക് പിന്നാലെ ബീഫ് വിലയും സാധാരണക്കാര്‍ക്ക് കൈയെത്തിപ്പിടിക്കാനാകാത്ത വിധം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പോത്തിറച്ചി വില കിലോയ്ക്ക് 450 മുതല്‍ 500 രൂപ വരെയായി ഉയര്‍ന്നു. ചിലയിടങ്ങളില്‍ കിലോയ്ക്ക് 510 രൂപയ്ക്കാണ് പോത്തിറച്ചി വില്‍ക്കുന്നത്. കന്നുകാലികളുടെ വിലവര്‍ധനവും അനുബന്ധ ഉത്പന്നങ്ങളുടെ വിലയിടിവുമാണ് ബീഫ് വില വര്‍ധിക്കാന്‍ കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്.

മാംസവിപണിയിലെ ഈ പ്രതിസന്ധിക്ക് പുറമേ മത്സ്യവിപണിയിലും പൊള്ളുന്ന വിലയാണ് അനുഭവപ്പെടുന്നത്. മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിയുടെ വിലയും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കടലിലെ ട്രോളിങ് നിരോധനവും വിപണിയില്‍ അനുഭവപ്പെടുന്ന കനത്തെ മത്സ്യലഭ്യതക്കുറവുമാണ് മത്തി ഉള്‍പ്പെടെയുള്ള എല്ലാത്തരം മീനുകളുടെയും വില കുതിച്ചുയരാന്‍ ഇടയാക്കിയത്. ഹോട്ടല്‍ വ്യവസായത്തെയും കാറ്ററിങ് മേഖലയെയും ഈ വിലക്കയറ്റം കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.





Related News

Comments

No comments yet. Be the first to comment!

Leave a Comment