തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് ഇന്ന് അതീവ നിര്‍ണായകം. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെട്ട മര്‍ദനക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയേക്കും. കേസ് അട്ടിമറിച്ചതില്‍ എ.ഡി.ജി.പിക്കും വ്യക്തമായ ഉത്തരവാദിത്തമുണ്ടെന്നാണ് ഡിജിപിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ എം.ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടിക്കുള്ള ശുപാര്‍ശ ഡിജിപി റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെക്കുമെന്നാണ് സൂചനകള്‍.
എ.ഡി.ജി.പിക്ക് പുറമെ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ടാകാന്‍ സാധ്യതയുണ്ട്. അജിത് കുമാറിന്റെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ പങ്കും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തിയതും കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തിയതുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ഉദ്യോഗസ്ഥരുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എ.ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും, തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഇവരെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഈ മര്‍ദനക്കേസുമായി ബന്ധപ്പെട്ട് ഗണ്‍മാന്‍മാരെ ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘം നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എ.ഡി.ജി.പിയുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഡിജിപിയുടെ പക്കല്‍ എത്തിയിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment