Monday, July 13, 2026
International News

ഇറാനില്‍ ആക്രമണം കടുപ്പിച്ച് യുഎസ; മിസൈല്‍ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആക്രമിച്ചു

ഇറാനില്‍ ആക്രമണം കടുപ്പിച്ച് യുഎസ; മിസൈല്‍ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആക്രമിച്ചു

ഇറാനിൽ ആക്രമണം ശക്തമാക്കി അമേരിക്കൻ സൈന്യം. ഇറാന്റെ മിസൈൽ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഹോർമുസ് കടലിടുക്കിലെ സ്പീഡ് ബോട്ടുകൾ എന്നിവ ലക്ഷ്യമിട്ടാണ് അമേരിക്കൻ വ്യോമാക്രമണം ഉണ്ടായത്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളായ ബന്ദർ അബ്ബാസ്, ഖഷാം, ഹജിയാബാദ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 140 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കി. ആക്രമണത്തിൽ ഹോർമോസ്ഗൻ പ്രവിശ്യയിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്നും, അത് ഒരു അന്താരാഷ്ട്ര ജലപാതയായിത്തന്നെ തുടരുമെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതേസമയം, കുവൈത്തിൽ ഇറാന്റെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കും ജീവാപായം സംഭവിച്ചിട്ടില്ലെന്നും യു.എസ് വ്യക്തത വരുത്തി.

നേരത്തെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചിരുന്നു. ഇറാൻ്റെ അനുമതിയില്ലാത്ത ഒരു പാതയിലൂടെയും അന്താരാഷ്ട്ര കപ്പലുകൾ കടന്നുപോകാൻ ശ്രമിക്കരുതെന്ന് ഐആർജിസി മുന്നറിയിപ്പും നൽകിയിരുന്നു. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെ കൊല്ലപ്പെട്ട ഉന്നത നേതാക്കളുടെ രക്തത്തിന് ആഗോളതലത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം അതിരൂക്ഷമായത്.

വധിക്കപ്പെട്ട നേതാക്കളുടെ കൊലയാളികളായ ഉന്നത ഉദ്യോഗസ്ഥരുടെ കൃത്യമായ പട്ടിക തയ്യാറാണെന്നും ലോകമെമ്പാടുമുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഈ പ്രതികാര ദൗത്യം ഏറ്റെടുക്കുമെന്നും ഇറാൻ്റെ പുതിയ നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇറാൻ്റെ സൈനിക ശേഷിയെ തളർത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്ക വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment