Saturday, July 11, 2026
Kerala News

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം; അഞ്ചംഗ സമിതിയെ രൂപീകരിച്ചു സര്‍ക്കാര്‍

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം; അഞ്ചംഗ സമിതിയെ രൂപീകരിച്ചു സര്‍ക്കാര്‍

തിരുവനന്തപുരം: ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത നിര്‍മ്മാണത്തിനിടെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ധ അന്വേഷണ സംഘത്തെ രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ചംഗ സമിതിയെയാണ് ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. റവന്യൂ ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ പ്രമുഖ ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രന്‍, എക്കോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി. പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

തുരങ്കപാത നിര്‍മ്മാണത്തിനിടെ അപകടം ഉണ്ടാകാനായ സാഹചര്യത്തെക്കുറിച്ചും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന കരാര്‍ കമ്പനി നിബന്ധനകള്‍ ലംഘിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും സമിതി വിശദമായി പരിശോധിക്കും. ഇതിനൊപ്പം പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികളിലും കൃത്യമായ പരിശോധന നടക്കും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ വിദഗ്ധസംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുരങ്കപാത പദ്ധതിയുടെ ഭാവി നിര്‍ണയിക്കുക.

അതേസമയം, കള്ളാടി ദുരന്തഭൂമിയില്‍ കാണാതായ ഹിമാചല്‍ പ്രദേശ് സ്വദേശിയും കണ്‍സ്ട്രക്ഷന്‍ മാനേജറുമായ വിക്രം റാണയ്ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസവും തുടരുകയാണ്. ഇനി ഒരാളെ മാത്രമാണ് ഇവിടെ കണ്ടെത്താനുള്ളത്. ദുരന്തബാധിത മേഖലയിലെ രണ്ടാമത്തെ സോണ്‍ കേന്ദ്രീകരിച്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ പരിശോധന പുരോഗമിക്കുന്നത്. വിക്രം റാണയെ കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് മണ്ണ് വന്‍തോതില്‍ അടിഞ്ഞുകൂടിയ ഈ ഭാഗത്താണെന്നാണ് രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ നിഗമനം. നിലവില്‍ പ്രദേശത്ത് കാലാവസ്ഥ അനുകൂലമായത് തിരച്ചിലിന് വേഗത കൂട്ടുന്നുണ്ട്. ദുരന്തത്തില്‍ ഇതുവരെ ഏഴുപേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.








Related News

Comments

No comments yet. Be the first to comment!

Leave a Comment