Saturday, July 11, 2026
Kerala News

പൊതിച്ചോര്‍ വിവാദത്തില്‍ വിശദീകരണവുമായി ജി സുധാകരന്‍; പ്രസ്താവന വളച്ചൊടിച്ചെന്ന് പ്രതികരണം

പൊതിച്ചോര്‍ വിവാദത്തില്‍ വിശദീകരണവുമായി ജി സുധാകരന്‍; പ്രസ്താവന വളച്ചൊടിച്ചെന്ന് പ്രതികരണം



മെഡിക്കല്‍ കോളേജുകളുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണത്തെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് മുന്‍മന്ത്രി ജി സുധാകരന്‍ വിശദീകരണവുമായി രംഗത്തെത്തി. മെഡിക്കല്‍ കോളേജുകളിലെ സൗജന്യ ഭക്ഷണവിതരണത്തെ എതിര്‍ത്തിട്ടില്ലെന്നും, ആശുപത്രികള്‍ക്ക് പുറത്തും ആവശ്യക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കണമെന്ന അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണവിതരണം നിര്‍ത്തണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും ജി സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജുകളിലെ പൊതിച്ചോര്‍ വിതരണം സംബന്ധിച്ച അദ്ദേഹത്തിന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഭക്ഷണവിതരണം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കണമെന്ന നിലപാടാണ് താന്‍ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇതിനിടെ സിപിഐഎം നേതാവ് എച്ച് സലാമിനെതിരെയും ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഫണ്ട് സമാഹരിച്ച് എച്ച് സലാമിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. പണം സമാഹരിച്ച ഉറവിടങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും, തെരഞ്ഞെടുപ്പ് ഫണ്ട് പാര്‍ട്ടിക്കല്ല, തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള രാഷ്ട്രീയത്തില്‍ എച്ച് സലാമിന് വലിയ സ്ഥാനമില്ലെന്നും, മുന്‍കാല വിജയങ്ങള്‍ക്ക് തനിക്കുള്ള പങ്കും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ജി സുധാകരന്റെ നിലപാടിനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കല്‍ വിമര്‍ശനവുമായി രംഗത്തെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രതിദിനം കുറഞ്ഞത് 2,500 പൊതിച്ചോറുകളെങ്കിലും വിതരണം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും, സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഒരു ദിവസവും മുടങ്ങാതെ ഭക്ഷണം നല്‍കാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ജി സുധാകരന്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മനു സി പുളിക്കലിന്റെ ഫേസ്ബുക്ക് പ്രതികരണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment