ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി രംഗത്തെത്തി. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട് നടന്ന ഈ വലിയ കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പുലര്‍ത്തുന്ന മൗനം കുറ്റകരമാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണ് അയോധ്യയില്‍ അരങ്ങേറിയതെന്നും കേരളത്തിലെ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ജനങ്ങള്‍ തങ്ങളുടെ അധ്വാനത്തില്‍ നിന്ന് നല്‍കിയ സംഭാവനകളാണ് ഇവിടെ തട്ടിയെടുക്കപ്പെട്ടതെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ച് നിയമിച്ച ട്രസ്റ്റ് ഭാരവാഹികളുടെ പൂര്‍ണ്ണമായ അറിവോടെയാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികളെയും വമ്പന്‍ സ്രാവുകളെയും സംരക്ഷിച്ചുകൊണ്ട് പാവപ്പെട്ട ചില ജീവനക്കാരെ മാത്രമാണ് നിലവില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കള്ളന്മാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ പോലും ഈ വിഷയത്തില്‍ പൂര്‍ണ്ണ മൗനം പാലിക്കുന്നത്. അയോധ്യയില്‍ മാത്രമല്ല, ബദരീനാഥ് അടക്കമുള്ള ക്ഷേത്രങ്ങളിലും സമാനമായ ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും ബിജെപി ഭരണത്തിന് കീഴില്‍ ക്ഷേത്രങ്ങള്‍ എങ്ങനെ കൊള്ളയടിക്കപ്പെടുന്നു എന്നതിന്റെ നേര്‍ചിത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി രാമക്ഷേത്രത്തെ വെറും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ജനങ്ങളെ വിഭജിക്കാനുമുള്ള ആയുധമാക്കുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്തതെന്ന് വേണുഗോപാല്‍ ആരോപിച്ചു. ദൈവങ്ങളെപ്പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് കാണിച്ചുതന്ന അവരുടെ കപടഭക്തിയാണ് ഈ ഭണ്ഡാരക്കൊള്ളയിലൂടെ ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെടുന്നത്. കോണ്‍ഗ്രസ് ഇതിനെയൊരു രാഷ്ട്രീയ വിഷയമായല്ല, മറിച്ച് വിശ്വാസത്തിനെതിരായ കടന്നാക്രമണമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഈ മാസം 20-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും, സംഭവത്തില്‍ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment