17/10/2026
Kerala News

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിച്ച് ഇഡി; എക്‌സാലോജിക്കിന് ലഭിച്ച മെന്റര്‍മാരുടെ സഹായവും പരിശോധിക്കും

 മാസപ്പടി കേസ്: അന്വേഷണം വിപുലീകരിച്ച് ഇഡി; എക്‌സാലോജിക്കിന് ലഭിച്ച മെന്റര്‍മാരുടെ സഹായവും പരിശോധിക്കും

തിരുവനന്തപുരം:  മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശക്തമാക്കുന്നു. കമ്പനിയുടെ രൂപീകരണത്തിലും സി.എം.ആര്‍.എല്‍ (CMRL) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായുള്ള കരാറുകളിലും വീണയ്ക്ക് സാങ്കേതിക ഉപദേശങ്ങള്‍ നല്‍കിച്ച മെന്റര്‍മാരുടെ പങ്ക് വിശദമായി പരിശോധിക്കാനാണ് ഇ.ഡിയുടെ പുതിയ നീക്കം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സി.എം.ആര്‍.എല്ലിന് ലഭിച്ച വഴിവിട്ട സഹായങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചുമുള്ള അന്വേഷണം പിണറായി സര്‍ക്കാരിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് ഇതിനകം രണ്ട് തവണകളിലായി 19 മണിക്കൂറോളമാണ് ഇ.ഡി വീണയെ ചോദ്യം ചെയ്തത്. എസ്.എഫ്.ഐ.ഓ (SFIO) കുറ്റപത്രത്തിലെ 134 അനുബന്ധ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടാം ഘട്ടത്തിലെ മാരത്തണ്‍ ചോദ്യം ചെയ്യല്‍. എന്നാല്‍, സി.എം.ആര്‍.എല്ലുമായുള്ള ഐ.ടി സേവന കരാറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ വീണയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. കരാര്‍ പ്രകാരമുള്ള സേവനം എന്തുകൊണ്ട് നല്‍കിയില്ല, വാക്കാല്‍ ഉണ്ടാക്കിയ ധാരണകള്‍ എന്തൊക്കെയായിരുന്നു തുടങ്ങിയ കാര്യങ്ങളില്‍ നല്‍കിയ മൊഴികളില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.

എക്‌സാലോജിക്കിന്റെ രൂപീകരണവും സി.എം.ആര്‍.എല്ലുമായുള്ള കരാറും വലിയൊരു ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് ഇ.ഡി സംശയിക്കുന്നത്. മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി നല്‍കേണ്ട കൈക്കൂലിപ്പണം, നിയമപരമായ അടിത്തറയുണ്ടാക്കി ഇത്തരം ഒരു കമ്പനിയും കരാറും വഴി കൈമാറുകയായിരുന്നുവെന്നാണ് ഇ.ഡിയുടെ നിഗമനം. സി.എം.ആര്‍.എല്‍ കരാറിലൂടെ 2.72 കോടി രൂപയാണ് എക്‌സാലോജിക്കിനും വീണയ്ക്കുമായി ലഭിച്ചത്. ഈ കരാറിന് ശേഷം കമ്പനി കാര്യമായി മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുമില്ല.

ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപദേശം നല്‍കിയ മെന്റര്‍മാരിലേക്ക് അന്വേഷണം നീളുന്നത്. പിണറായി വിജയന്‍ സര്‍ക്കാരില്‍ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നവരോ വീണയുടെ കമ്പനിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നവരോ ആയ ചിലരിലേക്കാണ് അന്വേഷണം വിരല്‍ ചൂണ്ടുന്നത്. ഇത്തരത്തില്‍ രണ്ട് പ്രമുഖരുടെ വിവരങ്ങള്‍ ഇ.ഡി വൃത്തങ്ങള്‍ക്കിടയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതുവരെ നല്‍കിയ മൊഴികളിലെ അവ്യക്തതകള്‍ നീക്കാനായി ഈ ആഴ്ച തന്നെ വീണയെ ഇ.ഡി മൂന്നാം ഘട്ട ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. ഇതിന് സമാന്തരമായി, സി.എം.ആര്‍.എല്‍ ഡയറിയില്‍ പേരുള്ള പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രീയ പ്രമുഖരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡി പദ്ധതിയിടുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement