17/10/2026
Kerala News

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാന്‍ ഇഡി

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാന്‍ ഇഡി

കൊച്ചി:  സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29 ന് ഹാജരാവാന്‍ നിര്‍ദേശം. രണ്ടാം തവണയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഈ മാസം 17ന് ഇ ഡി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന നടത്തിയിരുന്നു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

ആദ്യഘട്ടത്തില്‍ നടത്തിയ ഒന്‍പത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലില്‍ വീണ നല്‍കിയ പല മറുപടികളും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. സിഎംആര്‍എല്‍ കമ്പനിക്ക് എക്‌സാലോജിക് എന്തെങ്കിലും തരത്തിലുള്ള സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കിയതായി തെളിയിക്കുന്ന കൃത്യമായ രേഖകളൊന്നും ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. സേവനം നല്‍കാതെ 2.78 കോടി രൂപ കൈപ്പറ്റിയതിലൂടെ കുറ്റകൃത്യത്തിലൂടെയുള്ള പണം രൂപപ്പെട്ടു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കൂടാതെ, കോടതി കൈമാറാന്‍ നിര്‍ദ്ദേശിച്ച 134 നിര്‍ണായക രേഖകള്‍ ഇതുവരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ഇഡിയ്ക്ക് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ദിവസം വീണയെ നേരിട്ട് വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ എച്ച്ഡിഎഫ്‌സി ബാങ്ക് ലോക്കര്‍ ഇഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ട ഈ പരിശോധനയില്‍ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളോ മറ്റ് രേഖകളോ ലോക്കറില്‍ നിന്ന് ലഭ്യമായില്ലെന്നാണ് സൂചന. അതേസമയം, ലോക്കറിലുണ്ടായിരുന്ന സ്വര്‍ണമടക്കമുള്ള മറ്റ് സ്വത്തുക്കളുടെ വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഘട്ടത്തില്‍ വീണ ലോക്കര്‍ തുറന്നതിന്റെ മുന്‍കാല വിശദാംശങ്ങളും ഇഡി ബാങ്കില്‍ നിന്ന് ശേഖരിച്ചു. ഇഡി അന്വേഷണം ആരംഭിച്ചതിന് ശേഷം ഏതെങ്കിലും തരത്തിലുള്ള നിര്‍ണായക വിവരങ്ങള്‍ രഹസ്യമായി ലോക്കറിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന.

എച്ച്ഡിഎഫ്‌സി ബാങ്കിന് പുറമെ തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കില്‍ വീണയുടെയും എക്‌സാലോജിക് കമ്പനിയുടെയും പേരില്‍ മറ്റ് രണ്ട് അക്കൗണ്ടുകള്‍ കൂടിയുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ബാങ്കില്‍ വീണയ്ക്ക് ലോക്കര്‍ സൗകര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കേസിന്റെ ഭാഗമായി വീണയുടെയും കമ്പനിയുടെയും ഈ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍, 29 ലെ ചോദ്യം ചെയ്യല്‍ കേസില്‍ അതീവ നിര്‍ണായകമാകും.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement