17/10/2026
Kerala News

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

 കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

തിരുവനന്തപുരം:   കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും സെക്രട്ടറിയേറ്റില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. വരാനിരിക്കുന്ന ജൂണ്‍ 15 മുതല്‍ തന്നെ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ പുതിയ മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.

ആദ്യത്തെ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക. പദ്ധതി നടപ്പിലാക്കുന്ന ആദ്യ 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത കമ്മീഷണറോട് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരു ഓര്‍ഡിനറി ബസ് സര്‍വീസ് പോലും ഇല്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ ഓര്‍ഡിനറി ബസുകള്‍ അനുവദിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും. യാതൊരുവിധ വരുമാന മാനദണ്ഡങ്ങളുമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് ഔദ്യോഗിക വിവരം.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ടിക്കറ്റ് ഇനത്തില്‍ കോര്‍പ്പറേഷന് നഷ്ടമാകുന്ന തുക സര്‍ക്കാര്‍ നേരിട്ട് നല്‍കാനാണ് തീരുമാനം. അതുകൊണ്ടുതന്നെ ഈ പദ്ധതി വഴി കെഎസ്ആര്‍ടിസിക്ക് അധിക ബാധ്യതയോ പ്രതിസദ്ധിയോ ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പ്രഖ്യാപനത്തില്‍ കെഎസ്ആര്‍ടിസിയിലെ വിവിധ പ്രതിപക്ഷ യൂണിയനുകള്‍ നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കോര്‍പ്പറേഷനുണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ ബാധ്യത സര്‍ക്കാര്‍ പൂര്‍ണ്ണമായി ഏറ്റെടുക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥാപനത്തിന് ഉണ്ടാകുന്ന വലിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കണമെന്ന നിലപാടിലാണ് ബിഎംഎസ്. യൂണിയനുകളുടെ ആശങ്കകള്‍ നിലനില്‍ക്കെത്തന്നെ ജൂണ്‍ 15-ന് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement