Friday, July 17, 2026
Kerala News

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ വയോധികന് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ വയോധികന് ദാരുണാന്ത്യം

തൃശൂ‍ർ: തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ വൈശേരി മേഖലയിലെ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. പുല്ലാർക്കാട്ട് മോഹനൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം നടന്നത്.

വീടിന് സമീപത്തെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മോഹനൻ ആക്രമിക്കപ്പെട്ടത്. വീട്ടുവളപ്പിൽ കയറിയ ആന കൃഷിനാശം വരുത്തുന്നതിനിടെ അതിനെ ഓടിക്കാൻ എത്തിയ മോഹനന് നേരെ കാട്ടാന പാഞ്ഞടുക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ മോഹനനെ ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വനാതിർത്തിയോട് ചേർന്ന മേഖലകളിൽ രാത്രികാലങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം പതിവായതിനാൽ ജനങ്ങൾ ഭീതിയിലാണെന്നും നാട്ടുകാർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായി. വനംവകുപ്പിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന് ആരോപിച്ച നാട്ടുകാർ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തിന് സ്ഥിരപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അതിരപ്പിള്ളി പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിക്കുകയും വിവിധയിടങ്ങളിൽ പാത ഉപരോധം നടത്തുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കാട്ടാനകളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റുന്നതിനുമായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related News

Comments

No comments yet. Be the first to comment!

Leave a Comment