Friday, July 17, 2026
Kerala News

വീണാ വിജയന് ഇ ഡി സമൻസ് ഉടൻ; 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

വീണാ വിജയന് ഇ ഡി സമൻസ് ഉടൻ; 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കി. സംസ്ഥാനത്തെ നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിന് പിന്നാലെ വീണാ വിജയന് ഉടൻ സമൻസ് അയക്കാൻ ഇ ഡി. റെയ്ഡിനിടെ പിടിച്ചെടുത്ത ബാങ്ക് രേഖകളും സാമ്പത്തിക ഇടപാട് വിവരങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.

അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 242 ബാങ്ക് അക്കൗണ്ടുകൾ ഇ ഡി മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലായി 18.36 കോടി രൂപയുടെ ഇടപാടുകളാണ് നിലവിൽ അന്വേഷണ ഏജൻസിയുടെ നിയന്ത്രണത്തിലുള്ളത്. വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്ത ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പരിശോധിച്ച് പണത്തിന്റെ ഉറവിടവും ഉപയോഗവും കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. സേവനം നൽകാതെയാണ് എക്സാലോജിക്കിന് സിഎംആർഎല്ലിൽ നിന്ന് പണം ലഭിച്ചതെന്ന ആരോപണത്തെ അടിസ്ഥാനമാക്കി അന്വേഷണം പുരോഗമിക്കുകയാണ്. ലഭിച്ച തുക ഉപയോഗിച്ച് നിക്ഷേപങ്ങളോ മറ്റ് ആസ്തികളോ വാങ്ങിയിട്ടുണ്ടോ എന്നും ഇ ഡി പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനിടെ ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്ക് ലഭിച്ച മറുപടികൾ തൃപ്തികരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണാ വിജയനെ കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിപ്പിച്ച് വിശദമായ ചോദ്യം ചെയ്യലിന് തയ്യാറെടുക്കുന്നതെന്നാണ് സൂചന.

130 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളിപ്പിക്കൽ നടന്നിട്ടുണ്ടെന്ന കണ്ടെത്തലും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഈ തുക മറ്റ് സ്ഥാപനങ്ങളിലേക്കോ വ്യക്തികളിലേക്കോ കൈമാറിയിട്ടുണ്ടോ എന്നും ആരൊക്കെ ഇതിൽ പങ്കാളികളാണെന്നും കണ്ടെത്താനാണ് ഇനി ഇ ഡിയുടെ നീക്കം. ഇതിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

Related News

Comments

No comments yet. Be the first to comment!

Leave a Comment